
ആലുവ: ഭാരവണ്ടികളെ നിയന്ത്രിക്കുന്നതിനായി നവീകരിച്ച പൈപ്പ് ലൈൻ റോഡിൽ ക്രോസ് ബാറുകൾ സ്ഥാപിച്ചു. ആലുവ എം.എൽ.എ ഓഫീസിന് സമീപമാണ് ആദ്യ ക്രോസ് ബാർ സ്ഥാപിച്ചത്.
സെന്റ് മേരീസ് സ്‌കൂൾ മുതൽ നിർമ്മല സ്‌കൂൾ വരെ കോൺക്രീറ്റ് കട്ടകൾ വിരിച്ച് റോഡ് നവീകരിക്കുന്നതിന് ഫണ്ട് അനുവദിച്ച എം.എൽ.എ ഫണ്ടിൽ നിന്നുതന്നെ മൂന്ന് ക്രോസ് ബാറുകൾ സ്ഥാപിക്കുന്നതിന് തുക വകയിരുത്തിയിട്ടുള്ളത്. പൈപ്പ് ലൈൻ റോഡ് തുടങ്ങുന്ന സെന്റ് മേരീസിന് സമീപം പഴയ ക്രോസ് ബാറുണ്ട്. എം.എൽ.എ ഓഫീസിന് സമീപത്തെ മെയിൻ റോഡിന് കുറുകെ മറ്രൊരു ക്രോസ് ബാർ കൂടി സ്ഥാപിക്കേണ്ടതുണ്ടെങ്കിലും ഇതൊഴിവാക്കും. നിർമ്മല സ്‌കൂളിലേക്കുള്ള ബസുകൾ തടസപ്പെടാതിരിക്കാനാണിത്.
എളുപ്പ വഴിയടഞ്ഞു
ക്രോസ് ബാർ സ്ഥാപിച്ചതോടെ സീനത്ത് കവലയിൽ നിന്ന് ദേശീയപാതയിലേക്ക് പോകുന്ന ചെറിയ ചരക്കുവാഹനങ്ങൾക്ക് ഇനി പവർഹൗസ് കവലയിലൂടെ പോകണം. നേരത്തെ ഇ.എസ്.ഐ റോഡിലൂടെ തിരിഞ്ഞ് എം.എൽ.എ ഓഫീസിന് മുമ്പിലൂടെ പ്രധാന പാതയിലേക്ക് കയറാമായിരുന്നു. ഇനിമുതൽ ഇരുചക്ര വാഹനങ്ങൾക്ക് പുറമെ കാറുകൾക്കും ഓട്ടോറിക്ഷകൾക്കും മാത്രമേ കടുന്നുപോകാനാകൂ.
ഭൂഗർഭ പൈപ്പ്
പൊട്ടൽ തുടർക്കഥ
ആദ്യകാലങ്ങളിൽ സ്ഥാപിച്ച ക്രോസ് ബാറുകൾ തകരുകയും പകരം സ്ഥാപിക്കാതിരിക്കുകയും ചെയ്തതോടെ പൈപ്പ് ലൈൻ റോഡിൽ വലിയവാഹനങ്ങളുടെ തിരക്കായിരുന്നു. ഇതോടെ 42 ഇഞ്ച് വ്യാസമുള്ള പൈപ്പുകൾ പൊട്ടുന്നതും പതിവായി. രണ്ട് വർഷം മുമ്പ് നിർമ്മല സ്കൂളിന് സമീപം പൊട്ടിയ പൈപ്പ് ശരിയാക്കുന്നതിന് മാസങ്ങളെടുത്തതോടെയാണ് ക്രോസ് ബാറുകൾ പുനസ്ഥാപിക്കാൻ വാട്ടർ അതോറിട്ടി തീരുമാനിച്ചത്.
പൈപ്പ്ലൈൻ റോഡ് അറ്റകുറ്റപ്പണി നടത്തമെങ്കിൽ അതാതിടത്തെ തദ്ദേശസ്ഥാപനങ്ങൾ ക്രോസ് ബാർ സ്ഥാപിക്കണം. തയ്യാറാകാത്ത തദ്ദേശസ്ഥാപനങ്ങൾക്ക് നവീകരണത്തിന് വാട്ടർ അതോറിട്ടി എൻ.ഒ.സിയും നൽകിയിരുന്നില്ല.
പൈപ്പ് ലൈൻ റോഡ്
ആലുവയിൽ നിന്നാരംഭിക്കുന്ന പൈപ്പ്‌ലൈൻ റോഡ് ആലുവ നഗരസഭ, ചൂർണിക്കര ഗ്രാമപഞ്ചായത്ത്, കളമശേരി, തൃക്കാക്കര നഗരസഭകൾ വഴിയാണ് കൊച്ചിയിലെത്തുന്നത്. അമിതഭാരം കാരണം പൈപ്പുകൾ പൊട്ടാതിരിക്കാൻ എറണാകുളത്ത് നിന്ന് കളമശേരി വരെയുള്ള ഭാഗത്ത് നേരത്തെ ക്രോസ് ബാറുകൾ സ്ഥാപിച്ചിട്ടുണ്ട്. 20 കിലോമീറ്റർ ദൂരമുള്ളതാണ് പൈപ്പ് ലൈൻ റോഡ്.