
ആലുവ: ആലുവ കുട്ടമശേരി സർക്കാർ ഹൈസ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിനെ പൂ നൽകി വരവേൽക്കാൻ ടി.എച്ച്. മുസ്തഫയ്ക്ക് അപൂർവ സൗഭാഗ്യം ലഭിച്ചിരുന്നു.
72 വർഷം മുമ്പാണ് ആ ചരിത്രനിമിഷം,1952 ഡിസംബർ 12ന്. ടി.എച്ച്. മുസ്തഫയ്ക്ക് അന്ന് പ്രായം പതിനൊന്ന്. ആലുവ കീഴ്മാട് സ്വദേശി ഡോ. പി.ജെ. തോമസായിരുന്നു അന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്. ടി.എച്ച്. മുസ്തഫ ഇപ്പോൾ കഴിഞ്ഞിരുന്ന വീടിന്റെ വിളിപ്പാടകലെ ചാലക്കൽ പകലോമറ്റം എസ്റ്റേറ്റിലെ വീട്ടിലാണ് ഡോ. പി.ജെ. തോമസ് താമസിച്ചിരുന്നത്. മുൻകൂട്ടി നിശ്ചയിച്ച പരിപാടി ഒന്നുമില്ലെങ്കിലും പ്രധാനമന്ത്രിയും സംഘവും കുട്ടമശേരി കവലയിൽ ഇറങ്ങിയത് ഡോ. പി.ജെ. തോമസിന്റെ സ്വാധീനവും അഭ്യർത്ഥനയും മാനിച്ചാണ്. അന്ന് ഇന്നത്തെ നേതാക്കളെ പോലെ സുരക്ഷാ പ്രശ്‌നമൊന്നും നെഹ്രുവിനുണ്ടായിരുന്നില്ല.
ടി.എച്ച്. മുസ്തഫ ഉൾപ്പെടെ ഒരു കൂട്ടം കൊച്ചുകുട്ടികളുടെ സംഘം ത്രിവർണ പതാകയും പൂക്കളുമായി അവിടെ കാത്ത് നിന്നു. ഇപ്പോഴത്തെ കൊച്ചി നാവികത്താവളത്തിലെ എയർപോർട്ടിൽ പ്രത്യേക വിമാനത്തിലെത്തിയ പണ്ഡിറ്റ്ജി തുറന്ന വാഹനത്തിലാണ് സഞ്ചരിച്ചത്. കൊച്ചിയിൽ നിന്നും ആലുവ - പെരുമ്പാവൂർ റോഡിലാണ് കീഴ്മാട് ഗ്രാമത്തിലെ കൂട്ടമശേരി കവല. കുട്ടിക്കൂട്ടങ്ങളെ കണ്ട കുട്ടികളുടെ ചാച്ചാജി അവിടെ ഇറങ്ങുകയായിരുന്നു. കുട്ടികളോട് കുശലം പറഞ്ഞ നെഹ്രുവിനൊപ്പം പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തിയ രണ്ട് കുടുംബാംഗങ്ങളുണ്ടായിരുന്നു. മകൾ ഇന്ദിരാ ഗാന്ധിയും കൊച്ചുമക്കളായ രാജീവ് ഗാന്ധിയും കൂടാതെ സഞ്ജയ് ഗാന്ധിയും.