
മൂവാറ്റുപുഴ: മുടവൂർ പടശേഖരത്തിലെ അനധികൃത നിർമ്മാണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുൻ എം.എൽ.എ എൽദോ എബ്രാഹാമിന്റെ നേതൃത്വത്തിൽ വിപുലമായി നെൽകൃഷി ചെയ്ത് വിളവെടുത്തിരുന്ന പാടശേഖരത്തിലാണ് അനധികൃമായ ഫ്ലാറ്റ് നിർമ്മിച്ച് വില്പന നടത്തുന്നതിനായി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
കർഷക സംഘം, കർഷകതൊഴിലാളി നേതാക്കളായ വി.എച്ച്. ഷെഫീഖ് , എ.അജാസ്, ഇ.എ. ഹരിദാസ്,ബ്ലോക്ക്പഞ്ചായത്ത് അംഗം എം.എ. റിയാസ് ഖാൻ , മുൻ പഞ്ചായത്ത് അംഗം കെ.ഇ. ശിഹാബ് എന്നിവർ മുടവൂർ പാടശേഖരം സന്ദർശിച്ചു.
അനധികൃത നിർമ്മാണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. കോൺക്രീറ്റ് കാലുകൾ നിർമ്മിക്കുന്നതിനായി പാടശേഖരത്തിലെ നിരവധി സ്ഥലത്താണ് കുഴികൾ എടുത്തിരിക്കുന്നത്. ഒരുവിധ അനുമതിയും വാങ്ങാതെയാണ് പാടശേഖരത്തിൽ നിർമ്മാണം ആരംഭിച്ചതെന്ന് ബ്ലോക്ക്പഞ്ചായത്ത് അംഗം എം.എ. റിയാസ് ഖാൻ പറഞ്ഞു.
അനധികൃത നിർമ്മാണം നടക്കുന്ന വിവരം അറിഞ്ഞതോടെ നാട്ടുകാരുടെ സഹായത്തോടെ കർഷകസംഘത്തിന്റെയും കർഷകതൊഴിലാളിയൂണിയന്റെയും നേതൃത്വത്തിൽ മൂവാറ്റുപുഴ ആർ.ഡി. ഒക്ക് പരാതി നൽകി. ഇതേ തുടർന്ന് മുളവൂർ വില്ലേജ് ഓഫീസർ സ്ഥലത്തെത്തി നിർമ്മാണം നിർത്തിവക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം ഉടമ ജോബിൻ ജേക്കബിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. അന്നേ ദിവസം വൈകിട്ട് പായിപ്രകൃഷി ഓഫീസർ സ്ഥലം സന്ദർശിച്ച് നിർമ്മാണപ്രവർത്തനത്തിന്റെ ഫോട്ടോ എടുക്കുന്ന സമയത്ത് കൃഷി ഓഫീസറെ ആക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.