നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എയർഇന്ത്യയുടെ കൊച്ചി - ദുബായ് വിമാനം മണിക്കൂറുകളോളം വൈകിയതിനെ തുടർന്ന് യാത്രക്കാരുടെ പ്രതിഷേധം. ഇന്നലെ രാവിലെ 9.40ന് പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകുന്നേരമായിട്ടും പുറപ്പെട്ടിട്ടില്ല. രാത്രി പുറപ്പെടാൻ കഴിയുമെന്നാണ് അധികൃതർ നൽകുന്ന വിവരം.
രാവിലെ ആറു മണിമുതൽ എത്തിയ യാത്രക്കാർ പരിശോധനകളെല്ലാം പൂർത്തിയാക്കി വിമാനത്താവളത്തിൽ കാത്തിരിക്കുകയാണ്. ഡൽഹിയിൽ മഞ്ഞായതിനാൽ വിമാനം ഡൽഹിയിൽ നിന്നും എത്താൻ വൈകുമെന്നാണ് വിമാനക്കമ്പനി അധികൃതർ യാത്രക്കാർ പറയുന്നത്. പലവട്ടം സമയം മാറ്റി പറഞ്ഞതോടെയാണ് യാത്രക്കാർ ക്ഷുഭിതരായത്. ദുബായിലെത്തിയശേഷം അവിടെ നിന്നും കാനഡയിലേയ്ക്കും മറ്റും പോകേണ്ടവരും കൂട്ടത്തിലുണ്ടായിരുന്നു. വിമാനം വൈകിയതോടെ കുട്ടികളും സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ വലഞ്ഞു. ഡൽഹിയിലെ മൂടൽമഞ്ഞിനെ തുടർന്ന് എയർഇന്ത്യയുടെയും ഇൻഡിഗോയുടെയും ഏതാനും വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തിയത്.