t
കാഞ്ഞിരമറ്റം താഴെ പള്ളിയിൽ നടന്ന ചന്ദനക്കുടം ഉറൂസ് കൊടിയേറ്റ്

പിറവം: കാഞ്ഞിരമറ്റം പള്ളിയിലെ ശൈഖ് ഫരീദുദ്ദീൻ ദർഗ ഷെരീഫിൽ കൊടികുത്ത് ചന്ദനക്കുടം ഉറൂസ് സമാപിച്ചു. ഇന്നലെ രാവിലെ പുരാതന തറവാടുകളായ കലൂപ്പറമ്പിൽ നിന്നും ചുണ്ടക്കാട്ടു നിന്നും ആനപ്പുറത്ത് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കൊടി ഘോഷയാത്രകൾ താഴെ പള്ളിനടയ്ക്കൽ സംഗമിച്ചു. പള്ളിയങ്കണത്തിൽ നിറഞ്ഞുനിന്ന ആയിരങ്ങൾ അല്ലാഹു അക്ബർ വിളികളോടെ പങ്കാളികളായി.

ഇരു കൊടികളും ശൈഖ് ഫരീദുദ്ദീൻ ദാരിമിയുടെ കബറിടത്തിൽ എത്തിച്ചു യാസീൻ ചൊല്ലിയ ശേഷം തിരികെ ആനപ്പുറത്തേറ്റിയാണു താഴത്തെ പള്ളിയിൽ കൊടി ഉയർത്തിയത്. തുടർന്നു മലേപ്പള്ളിയിലേക്കു പുറപ്പെട്ട് അവിടെയും കൊടി ഉയർത്തി.

രാത്രി ചാലക്കപ്പാറയിൽ നിന്നും ആമ്പല്ലൂരിൽ നിന്നും പുറപ്പെട്ട ചന്ദനക്കുട ഘോഷയാത്രകൾ 11ന് പള്ളിയിലെത്തി ചന്ദനക്കുടം നടന്നതോടെയാണ് കൊടികുത്ത് ഉറൂസ് ചടങ്ങുകൾ സമാപിച്ചത്. ക്ഷാമകാലത്തു നാടിനെയാകെ പട്ടിണിയിൽ നിന്നു കരകയറ്റാൻ ശൈഖ് ഫരീദുദ്ദീൻ ദാരിമി നടത്തിയ കാരുണ്യ പ്രവൃത്തിയുടെ സ്മരണയിൽ ചക്കരക്കഞ്ഞി നേർച്ച സമർപ്പിക്കാൻ നാനാജാതി മതസ്ഥരായ ആയിരങ്ങളാണു പള്ളിയിലെത്തിയത്.

-