ele

കൊച്ചി: വൈദ്യുത, സി.എൻ.ജി വാഹനങ്ങൾക്ക് ഇന്ത്യയിൽ പ്രിയമേറുന്നു. പ്രീ ഓൺഡ് കാറുകൾ വാങ്ങുന്നവരുടെ എണ്ണത്തിലും വൻ വർദ്ധനയാണ് ദൃശ്യമാകുന്നതെന്ന് മുൻനിര ഓട്ടോ ടെക് കമ്പനിയായ കാർസ് 24 പുറത്തിറക്കിയ മൈലേജ് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം മൊത്തം വാഹന വില്പനയിൽ 42 ശതമാനം വളർച്ച കാർസ് 24 കൈവരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

താങ്ങാവുന്ന വിലയിൽ പ്രീമിയം കാറുകൾ ലഭ്യമാകുന്നതാണ് യൂസ്ഡ് കാർ വിപണിക്ക് കരുത്ത് പകരുന്നത്. കഴിഞ്ഞ വർഷത്തെ കണക്കുകളനുസരിച്ച് പുതിയ കാറുകൾ വാങ്ങുന്നതിലും നവീകരിക്കുന്നതിലും യുവാക്കൾ വലിയ താത്പര്യമാണ് പ്രകടിപ്പിച്ചത്. പത്ത് പുതിയ കാറുകൾ വിറ്റതിന് ആനുപാതികമായി പതിനഞ്ച് ഉപയോഗിച്ച കാറുകൾ വിപണിയിലെത്തി. പുതു തലമുറ പ്രീമിയം യൂസ്ഡ് കാറുകളുടെ വരവ് നിരവധി ഇന്ത്യക്കാരുടെ കാറെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പ്രധാന പങ്ക് വഹിച്ചു.

കഴിഞ്ഞ വർഷം എസ്‌.യു.വികളുടെ വില്പനയിൽ വൻ കുതിച്ചുചാട്ടമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. ആളുകൾ കുടുംബമായുള്ള യാത്രകൾക്ക് വലിയ വാഹനങ്ങൾ തെരഞ്ഞെടുക്കുന്നതാണ് എസ്‌.യു.വികളുടെ വില്പനയിൽ കുതിപ്പുണ്ടാക്കിയത്.

ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾ കണക്കിലെടുത്ത് മുൻനിര ഫീച്ചറുകൾക്കൊപ്പം, വ്യത്യസ്ത വില നിലവാരത്തിൽ വിപുലീകരിച്ച ഓപ്ഷനുകളുമായി കാർ കമ്പനികൾ രംഗത്തെത്തിയതോടെ എസ്.യു.വികൾക്ക് മികച്ച വളർച്ച നേടാനായെന്നും റിപ്പോർട്ടിൽ പറയുന്നു.

ബ്രെസ്സ, സോനെറ്റ്, ഇക്കോസ്‌പോർട്ട്, എക്‌സ്‌.യു.വി 300, ടൈഗൺ, ടിയാഗോ എന്നിവയാണ് ഈ വർഷം ഇന്ത്യൻ നിരത്തുകൾ അടക്കിവാഴുന്ന മികച്ച എസ്‌.യു.വികൾ. വൈദ്യുത വാഹനങ്ങൾ അന്വേഷിക്കുന്നവരുടെ എണ്ണത്തിൽ അഞ്ചു മടങ്ങ് വർധനണ്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. സി.എൻ.ജി വാഹനങ്ങളുടെ വില്പന രണ്ടര ഇരട്ടി വർധിച്ചു.