കൊച്ചി: വായ്‌ക്കര ശ്രീവായ്‌ക്കരക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കലംകരിക്കൽ വഴിപാടിന് ഇന്ന് തുടക്കം കുറിക്കും. എല്ലാ വർഷവും മകരച്ചൊവ്വ മുതൽ മേടപ്പത്തുവരെയാണ് അഭീഷ്ടസിദ്ധിക്കായി ഭക്തർ ഈ വഴിപാടു നടത്തുന്നത്.

ഒറ്റക്കലം, ഉദരക്കലം, അയ്‌ങ്കലം എന്നീ മൂന്നുതരം കലംകരിക്കൽ വഴിപാടുകളാണ് നടത്തിവരുന്നത്.

ഒറ്റക്കലം: പട്ടിണിയും ദാരിദ്ര്യവും അകറ്റുന്നതിനും കുടുംബകലഹങ്ങൾ ഇല്ലാതാക്കുന്നതിനും കാര്യങ്ങൾക്കുള്ള തടസം ഒഴിവാക്കുന്നതിനും വസൂരി പോലുള്ള മഹാരോഗങ്ങളുടെ ശാന്തിയും ഉദ്ദേശിച്ചാണ് ഒറ്റക്കലം വഴിപാട് നടത്തുന്നത്.

ഉദരക്കലം: മംഗല്യഭാഗ്യം, ദീർഘസുമംഗലി സൗഭാഗ്യം, സൗന്ദര്യവർദ്ധനവ്, സമ്പദ്‌സമൃദ്ധി എന്നിവയ്ക്ക് വേണ്ടി ഉദരക്കലം കരിക്കുന്നു.

അയ്‌ങ്കലം: മഹാവ്യാധികളെ കൊണ്ട് കഷ്ടത അനുഭവിക്കുന്നവർക്ക് രോഗശാന്തി, നാൽക്കാലി, കൃഷി എന്നിവയുടെ അഭിവൃദ്ധി, കാര്യസാദ്ധ്യം, തൊഴിലിലുള്ള പുരോഗതി എന്നിവയ്ക്ക് വേണ്ടിയും വർഷം തോറുമുള്ള കലംകരിക്കലിന് മുടക്കം വന്നാൽ അതിന് പരിഹാരമായും അയ്‌ങ്കലം കരിക്കുന്നു.

മുൻകൂട്ടി ബുക്ക് ചെയ്യണം. ഫോൺ: 0484 2658718, 9072858718.