
കൊച്ചി: കെ-ഫോൺ പദ്ധതി കരാറിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നൽകിയ പൊതുതാത്പര്യ ഹർജിയിൽ പൊതുതാത്പര്യമെന്താണെന്ന് ഹൈക്കോടതി. പൊതുജനത്തെ എങ്ങനെയാണ് ഇതു ബാധിക്കുന്നതെന്ന് ചോദിച്ച കോടതി, മതിയായ രേഖകൾ ഹാജരാക്കിയാൽ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാമെന്നറിയിച്ച് ഹർജി മാറ്റി.
2019ൽ തുടങ്ങിയ പദ്ധതിയെ ഇപ്പോൾ ചോദ്യം ചെയ്യുന്നതെന്തെന്നും ചീഫ് ജസ്റ്റിസ് എ.ജെ. ദേശായ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ചോദിച്ചു. ടെൻഡർ നടപടിയിൽ കോടികളുടെ ക്രമക്കേടുണ്ടായെന്ന് സതീശന്റെ അഭിഭാഷകൻ വാദിച്ചു. സി.എ.ജി റിപ്പോർട്ടിൽ ഇതിനെക്കുറിച്ച് പരാമർശമുണ്ട്. സി.എ.ജി റിപ്പോർട്ട് ലഭിച്ചാലുടൻ കൂടുതൽ തെളിവുകൾ ഹാജരാക്കാമെന്നും അറിയിച്ചു. അങ്ങനെയെങ്കിൽ റിപ്പോർട്ട് കിട്ടിയശേഷം ഹാജരായാൽ പോരായിരുന്നോയെന്ന് കോടതി ചോദിച്ചു. ഹർജിക്ക് പിന്നിൽ 'പബ്ലിക് ഇന്ററസ്റ്റോ" അതോ 'പബ്ലിസിറ്റി ഇന്ററസ്റ്റോ" എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.
ലോകായുക്തയെക്കൊണ്ട് കാര്യമില്ലെന്നും സമീപിച്ചിട്ട് പ്രയോജനമില്ലെന്നും ഹർജിയിൽ പരാമർശിച്ചിരുന്നു. ഉത്തരവാദിത്വപ്പെട്ട നേതാവ് എന്ന നിലയിൽ ഈ പരാമർശം അനുചിതമായെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി.