കൊച്ചി: ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഉഴിച്ചിലിനും പിഴിച്ചിലിനുമായി കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയിലെ പേ വാർഡിൽ എത്തുന്നവർ കുറച്ചൊന്നും ബുദ്ധിമുട്ടിയാൽ പോര. ചികിത്സയ്ക്ക് എത്തുന്നവർ ലിഫ്റ്റില്ലാതെ നാലാം നിലയിലെ പേ വാർഡിൽ എത്തണം. ആശുപത്രിയിൽ സന്ധിവേദനയ്ക്കും ഉഴിച്ചിലിനും പിഴിച്ചിലിനുമായി എത്തുന്നവർ ഇവിടെയാണ് മുട്ടുകുത്തുന്നത്.

പണിപൂർത്തിയായി വർഷങ്ങളായെങ്കിലും നാലാം നിലയിലേക്ക് ലിഫ്റ്റ് സൗകര്യം ഇതുവരെ ഒരുക്കിയിട്ടില്ല. ലിഫ്റ്റ് പ്രവർത്തിക്കണമെങ്കിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്നും ഫയർ ആൻഡ് സേഫ്റ്റിയിൽ നിന്നും അനുമതി ലഭിക്കണം. ഇത് ലഭിക്കണമെങ്കിൽ കെട്ടിട നമ്പ‌ർ വേണം. കോർപ്പറേഷനിൽ നിന്ന് കെട്ടിട നമ്പർ ലഭിച്ചാൽ മാത്രമേ ഇതിന് പരിഹാരമാകൂ.

പേ വാ‌ർഡ്

അഞ്ചുനിലയുള്ള ആശുപത്രിയിൽ നാലാം നിലയിലാണ് പേ വാർഡ് പ്രവർത്തിക്കുന്നത്. വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന പേ വാർഡ് ഉല്ലാസ് തോമസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിന് മുമ്പായി കഴിഞ്ഞ ഡിസംബർ‌ 28നാണ് ഉദ്ഘാടനം ചെയ്തത്. പേ വാർഡിലെ മുറികളും ടോയ്ലെറ്റുകളും പ്രവർത്തന രഹിതമായതിനാൽ നശിച്ചിരുന്നു. 16 മുറികളുണ്ടായിരുന്ന പേ വാർഡ് മോടി​ പിടിപ്പിച്ചാണ് ഇപ്പോൾ 13 മുറികളോടെ പ്രവർത്തനമാരംഭിച്ചത്. ലിഫ്റ്റില്ലാത്തതിനാൽ രോഗികൾക്ക് നാലാം നിലയിലേക്ക് എത്തിപ്പെടാൻ വലിയ ബുദ്ധിമുട്ടാണ്. നിലവിൽ മൂന്നാം നില വരെ ലിഫ്റ്ര് ഉണ്ടെങ്കിലും നിന്നുപോകാൻ മാത്രം സാധിക്കുന്ന ലിഫ്റ്റാണുള്ളത്. ഇതിൽ കിടപ്പുരോഗികളെ സ്ട്രെച്ചറോടെ കയറ്റാൻ സാധിക്കില്ല. കോടിക്കണക്കിന് വിലവരുന്ന മരുന്ന് സൂക്ഷിക്കുന്നതും നാലാം നിലയിലാണ്. ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ മരുന്ന് എടുക്കണമെങ്കിൽ ദിവസവും പടികൾ കയറണം. നിലവിലെ കെട്ടിടത്തിൽ ഡോക്ടർമാർക്ക് ഇരിക്കാനുള്ള മുറികളുടെ എണ്ണവും കുറവാണ്. ഒരു മുറിയിൽ രണ്ട് ഡോക്ടർമാർ വീതമുണ്ട്. ഫയർ യൂണി​റ്റിന് കടന്നുപോകാനുള്ള സ്ഥലത്താണ് അടുക്കള പ്രവർത്തിക്കുന്നത്. ആംബുലൻസിൽ രോഗിയെ എത്തിച്ചാൽ സ്ട്രെച്ചറിൽ കയറ്റാനുള്ള സൗകര്യവും ഇവിടെയില്ല. എൻ.എ.ബിഎച്ച് അക്രഡിറ്റേഷനുള്ള സൗകര്യങ്ങളൊന്നും നിലവിൽ ആശുപത്രിയിലില്ല.

നാലാം നിലയിലേക്ക് ലിഫ്റ്റ് സൗകര്യം ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നകൊണ്ടിരിക്കുകയാണ്. ലിഫ്റ്റ് സൗകര്യം ഉറപ്പാക്കും.

ഉല്ലാസ് തോമസ്,

മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്