malika
ഗുരുദേവൻ സ്ഥാപിച്ച ആലുവ സംസ്‌കൃത പാഠശാലയിലെ പടിപ്പുര മാളിക

ആലുവ: കവിതയുടെ മഹാസാഗരം സൃഷ്ടിച്ച മഹാകവി കുമാരനാശാന്റെ 100 -ാം സ്മൃതി ദിനത്തിൽ ആലുവക്കാരുടെ മനസിലും ഒരുപാട് നല്ല ഓർമ്മകൾ മിന്നിതെളിയുന്നുണ്ട്. കായിക്കരയിലായിരുന്നു ജന്മമെങ്കിലും കർമ്മം കൊണ്ട് ആശാൻ ആലുവക്കാരനായിരുന്നു.

ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച ആലുവ അദ്വൈതാശ്രമത്തിലെയും സംസ്കൃത പാഠശാലയിലെയും നിത്യസന്ദർശകനായിരുന്നു. ആലുവ ചെങ്ങമനാട് യൂണിയൻ ടൈൽസ് എന്ന ഓട്ടുകമ്പനിയും അദ്ദേഹം നടത്തിയിരുന്നു. കാസിനോ തീയേറ്ററിന് പിന്നിൽ അദ്ദേഹത്തിന് സ്വന്തമായി വീടുകളും ഉണ്ടായിരുന്നു. ആ വീടുകളിലേക്കുള്ള വഴിക്ക് നഗരസഭ പേര് നൽകിയിരിക്കുന്നത് ആശാൻ ലൈൻ എന്നാണ്. ചെങ്ങമനാട് ഉണ്ടായിരുന്ന ഓട്ടുക്കമ്പിനി കുമാരനാശാന് ശേഷം മകൻ പ്രഭാകരനും പിന്നീട് ചെറുമകൻ പ്രദീപ് കുമാറുമാണ് നടത്തിയിരുന്നത്. ഏഴ് വർഷം മുമ്പാണ് പ്രദീപ് കുമാർ ഈ സ്ഥലം വില്പന നടത്തിയത്.

സംസ്കൃത പാഠശാലയോടൊപ്പമുള്ള പടിപ്പുരമാളികയിൽ ഇരുന്നാണ് മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ കുമാരനാശാൻ ദുരവസ്ഥ, ആശാന്റ അവസാന കൃതിയായ കരുണ എന്നീ കൃതികൾ രചിച്ചത്. കുമാരനാശാൻ സ്ഥിരമായി തങ്ങിയിരുന്നതും പടിപ്പുര മാളികയിലാണ്. ഇവിടെയിരുന്നാൽ പെരിയാർ കാണാം. പെരിയാറിന്റെ ഇളംകാറ്റേറ്റ് കവിതയെഴുതാൻ അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നുവെന്നാണ് അദ്ദേഹത്തെ കുറിച്ചുള്ള പുസ്തകങ്ങൾ പറയുന്നത്.

1922ലാണ് പടിപ്പുര മാളികയുടെ നിർമ്മിച്ചത്. മാളികയിലെ കല്ലിൽ കൊത്തിയ ആനവാതിൽ നിർമ്മാണത്തിന് ശിവഗിരിയിൽ നിന്നും പ്രത്യേകമേശരിമാരെയാണ് എത്തിച്ചത്. റോഡ് വികസനത്തിന്റെ ഭാഗമായി പടിപ്പുരമാളികയോട് ചേർന്നുള്ള ഒരു ഭാഗം പൊളിച്ചു മാറ്റിയിരുന്നു.

യൂണിയൻ അനുസ്മരണം പടിപ്പുര മാളികയിൽ

ആലുവ: എസ്.എൻ.ഡി.പി യോഗം സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന കുമാരനാശാന്റെ 100 -ാമത് ചരമവാർഷിക ദിനമായ ഇന്ന് ആലുവ യൂണിയന്റെ നേതൃത്വത്തിൽ ഗുരുദേവൻ സ്ഥാപിച്ച സംസ്‌കൃത പാഠശാലയിലെ പടിപ്പുര മാളികയിൽ അനുസ്മരണ യോഗം നടക്കും.

രാവിലെ ഒമ്പതിന് നടക്കുന്ന സമ്മേളനം ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു അദ്ധ്യക്ഷത വഹിക്കും. ആലുവ എസ്.എൻ.ഡി.പി സ്‌കൂൾ ഹെഡ്മാസ്റ്റർ സന്തോഷ് വി. കുട്ടപ്പൻ അനുസ്മരണ പ്രഭാഷണം നടത്തും. കവി എം.പി. ജോസഫ്, യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ എന്നിവർ സംസാരിക്കും.

ശ്രീനാരായണ ക്ളബ് അനുസ്മരിക്കും

ആലുവ: മഹാകവി കുമാരനാശാന്റെ 100-ാമത്ചരമ വാർഷിക ദിനമായ ഇന്ന് ആലുവ ശ്രീനാരായണ ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. വൈകീട്ട് അഞ്ചിന് ക്ളബ് ഓഫീസിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി കെ.എൻ. ദിവാകരൻ, കെ.കെ. മോഹനൻ, ടി.യു. ലാലൻ എന്നിവർ സംസാരിക്കും.