മൂവാറ്റുപുഴ: നഗരസഭ 16-ാം വാർഡിലെ മണ്ണാൻകടവ് തോട് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് പ്രതിഷേധമാർച്ച് നടത്തി. പേട്ട അങ്കണവാടിക്ക് മുന്നിൽനിന്നാരംഭിച്ച മാർച്ച് നഗരസഭയ്ക്ക് മുന്നിൽ സമാപിച്ചു. തുടർന്ന നടന്ന ധർണസി.പി.എം ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ വി.എ. ജാഫർ സാദിക്ക്, നഗരസഭ പ്രതിപക്ഷനേതാവ് ആർ. രാകേഷ്, പി.എം. ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു. തോട്ടിലൂടെ മലിനജലമൊഴുക്കുന്നത് ഗുരുതരമായ പ്രശ്നമായി മാറിയ സാഹചര്യത്തിലാണ് പേട്ടനിവാസികൾ സമരരംഗത്തിറങ്ങിയത്. പേട്ടയിലെ ജനങ്ങളും സമീപവാസികളും കൊതുകുശല്യവും മറ്റ് ആരോഗ്യപ്രശ്നങ്ങളും മൂലം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. മൂവാറ്റുപുഴയാറിൽ നിന്ന് ലഭിക്കുന്ന വെള്ളമാണ് പേട്ട നിവാസികൾകുടിവെള്ളം ഉപയോഗിക്കുന്നത്. മൂവാറ്റുപുഴയാറിനെ സംരക്ഷിക്കുന്നതിനുകൂടിയാണ് തോടിനെ മാലിന്യ മുക്തമാക്കണമെന്ന ആവശ്യം പേട്ടനിവാസികൾ മുന്നോട്ട് വയ്ക്കുന്നതെന്ന് വാർഡ് കൗൺസിലർ ജാഫർ സാദിക്ക് പറഞ്ഞു.