തൃപ്പൂണിത്തുറ: സമഗ്രശിക്ഷ കേരളം, സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് ഹയർസെക്കൻഡറി കൊമേഴ്സ് വിഭാഗം കുട്ടികൾക്കായി സംരംഭകത്വ വികസനവും സാമ്പത്തിക ഭദ്രതയും ലക്ഷ്യമാക്കി ഐഡിയ 23 എന്ന മൂന്ന് ദിവസത്തെ ശില്പശാലയ്ക്ക് തുടക്കം കുറിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ രമ സന്തോഷ് ശില്പശാല ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ ബി.ആർ.സി ട്രെയിനർ കെ.എൻ.ഷിനി ചടങ്ങിൽ അദ്ധ്യക്ഷയായി. ഗേൾസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ മിനി സംസാരിച്ചു. 32 കുട്ടികൾ അടങ്ങുന്ന ക്യാമ്പിൽ കൊമേഴ്സ് അദ്ധ്യാപകരായ കൃഷ്ണകുമാർ, സുരേഷ് കുമാർ, ജോബി എന്നിവർ ക്ലാസുകൾ നയിച്ചു.