മൂവാറ്റുപുഴ: മൂവാറ്റുപുഴയാറ്റിലേക്ക് ഓടമാലിന്യം ഒഴുക്കുന്നതിനെതിരെ പ്രതിഷേധം രൂക്ഷമായതിന് പിന്നാലെ വിപുലമായ യോഗം വിളിക്കാനൊരുങ്ങി നഗരസഭ. മൂവാറ്റുപുഴയാറിലേക്ക് തോടുകളിലൂടെയും നഗരത്തിലെ കാനകളിലൂടെയും വൻതോതിൽ മലിനജലവും വിഷമാലിന്യങ്ങളും ഉൾപ്പെടെ എത്തുന്നതിൽ പ്രതിഷേധം ശക്തമായതോടെയാണ് ജനപ്രതിനിധികളേയും ഉന്നത ഉദ്യോഗസ്‌ഥരേയും സന്നദ്ധസംഘടനാ പ്രവർത്തകരേയും ഉൾപ്പെടുത്തി യോഗം വിളിക്കാൻ തീരുമാനിച്ചത്. ജല ശുദ്ധീകരണ ശാലയുടെ പ്രവർത്തനങ്ങളെപ്പോലും ബാധിക്കുന്ന വിധത്തിലാണ് നഗരത്തിലെ ഹോട്ടലുകളിലും ആശുപത്രികളിലും മറ്റുസ്ഥാപനങ്ങളിൽനിന്നും ശൗചാലയ മാലിന്യമുൾപ്പെടെ മൂവാറ്റുപുഴയാറിലേക്ക് ഒഴുകുന്നത്. നഗരത്തിലെ പി.ഒ ജംഗ്ഷൻ, കാവുംപടി, കാവുംകര, വെള്ളൂർക്കുന്നം തുടങ്ങിയ മേഖലകളിലെ അടക്കം മുഴുവൻ ഓടകളിൽനിന്നും മാലിന്യമൊഴുക്കുന്നത് പുഴയിലേക്കാണ്. ഇതിന് പരിഹാരം കാണണമെന്ന ആവശ്യത്തിന് തീരുമാനമായിട്ടില്ല. പി.ഒ ജംഗ്ഷനിലെ ഓട ചെന്നുചേരുന്ന മണ്ണാൻകടവ് തോട് ജനവാസകേന്ദ്രമായ പേട്ടയിലൂടെ ഒഴുകി മൂവാറ്റുപുഴയാറ്റിലാണ് പതിക്കുന്നത്. തോടിന്റെ പരിസരത്ത് താമസിക്കുന്ന കുടുംബങ്ങൾ ദുർഗന്ധവും ദുരിതവും അനുഭവിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ സമരത്തിലാണ്.