y
നവതി ആഘോഷ സമാപനസമ്മേളനം പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ടി.സി. ഷിബു ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: വൈക്കം സത്യാഗ്രഹ സമര യാത്രാവേളയിൽ തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് അങ്കണത്തിൽ മഹാത്മജിയുടെ പാദ സ്പർശമേറ്റതിന്റെ 90 വർഷം തികയുന്നത് ആഘോഷി​ച്ചു. ബാങ്ക് അങ്കണത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ചെയർമാൻ ടി.സി. ഷിബു ഹാരാർപ്പണം നടത്തി. 30 ഓളം സ്കൂളുകളിലെ നൂറിൽപരം വിദ്യാർത്ഥികൾ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. വിദ്യാർത്ഥികളുടെ പ്രശ്നോത്തരി മത്സരവും 'ഞാനറിഞ്ഞ ഗാന്ധി' എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗ മത്സരവും സംഘടിപ്പിച്ചു.

നവതി ആഘോഷ സമാപനസമ്മേളനം ചെയർമാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ കെ.കെ. ഷാജു മുഖ്യാതിഥിയായി. ഗാന്ധിജിയുടെ സന്ദർശന ചരിത്രാവതരണം ഐ.എം.ജി ഫാക്കൽറ്റി അംഗം പി.പി. അജിമോൻ അവതരിപ്പിച്ചു. വിധികർത്താക്കളായ എം.എസ്. വിനോദ്, പി.കെ. പത്മാവതി, പ്രോഗ്രാം കൺവീനർ എം.ആർ. അമൽ, ആർ. കൃഷ്ണാനന്ദ് എന്നിവർ സംസാരിച്ചു. പ്രസംഗമത്സരത്തിൽ മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂളിലെ ഹന്ന എലിസബത്തും തിരുവാങ്കുളം ജോർജിയൻ അക്കാദമിയിലെ ഗൗരി നിഹാരികയും ടി.എസ്. അപർണയും വിജയികളായി. വിജയികൾക്ക് 18,000 രൂപയുടെ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ബാങ്ക് ജനറൽ മാനേജർ കെ. ജയപ്രസാദ് വിദ്യാർത്ഥികൾക്ക് ഗാന്ധിജിയുടെ ആത്മകഥ വിതരണം ചെയ്തു.