 
കൊച്ചി: സഹകരണ ഖേലയിലെ നിക്ഷേപങ്ങൾക്ക് സംരക്ഷണവും സുരക്ഷിതത്വവും സുതാര്യതയും ഉറപ്പാക്കുമെന്ന് സഹകരണ - തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. സഹകരണ സംഘങ്ങൾക്ക് രക്ഷാകവചം തീർക്കുന്ന പദ്ധതികൾക്ക് സർക്കാർ രൂപം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള ബാങ്ക് ഉദ്യോഗസ്ഥർക്കായി അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടത്തിയ 'മിഷൻ റെയിൻബോ" ഇയർ എൻഡ് പ്ലാനിംഗ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനും മറ്റ് ആധുനിക ബാങ്കിംഗ് സേവനങ്ങളും കൂടുതൽ ഇടപാടുകാരിലേക്ക് എത്തിക്കുന്നതിലൂടെ മുൻനിര ബാങ്കായി കേരള ബാങ്കിന് മാറാൻ കഴിയും. ഗ്രാമീണ ജീവിതത്തിന്റെ ക്രയശേഷി വർദ്ധിപ്പിക്കുന്ന സാമ്പത്തിക സ്രോതസാണ് സഹകരണ നിക്ഷേപങ്ങൾ. കേന്ദ്ര സർക്കാർ പലപ്പോഴായി സംസ്ഥാനത്തിന് കിട്ടേണ്ട വിഹിതം വെട്ടിക്കുറച്ചപ്പോൾ നാടിന് തുണയായത് സഹകരണ നിക്ഷേപമാണെന്നും മന്ത്രി പറഞ്ഞു.
ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. മികച്ച പ്രവർത്തനം കാഴ്ചവച്ച റീജിയണൽ ഓഫീസ്, ക്രെഡിറ്റ് പ്രൊസസ്സിംഗ് സെന്റർ, ശാഖകൾ എന്നിവർക്കുള്ള കെ.ബി. പ്രൈം ചലഞ്ച് അവാർഡുകൾ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി വിതരണം ചെയ്തു. കേരള ബാങ്ക് പ്രസിദ്ധീകരണമായ മഴവില്ല് പുതുവർഷ പതിപ്പ് സഹകരണ സംഘം രജിസ്ട്രാർ ടി.വി. സുഭാഷ് പ്രകാശനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പി.എസ്. രാജൻ, എക്സിക്യുട്ടീവ് ഡയറക്ടർ കെ.സി. സഹദേവൻ, ജനറൽ മാനേജർ ജോളി ജോൺ എന്നിവർ സംസാരിച്ചു.