ആലുവ: ഭരണഘടന വായിക്കുമ്പോൾ വാക്യാർത്ഥത്തെക്കാൾ അതിന്റെ അന്ത:സത്ത ഉൾക്കൊള്ളണമെന്ന് നിയമമന്ത്രി പി. രാജീവ് പറഞ്ഞു. ചൂണ്ടി ഭാരതമാത സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസും ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയും അങ്കമാലി അതിരൂപത ടീച്ചേഴ്‌സ് ഗിൽഡും സംയുക്തമായി സംഘടിപ്പിച്ച ഭരണഘടന സാക്ഷരതായജ്ഞം 'നിയമോദയം 2024' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഒരേസമയം കേരളത്തിലെ വിവിധ ജില്ലകളിലെ തിരഞ്ഞെടുത്ത 100 സ്‌കൂളുകളിൽ ക്ലാസുകൾ സംഘടിപ്പിച്ചു. ഭാരതമാത സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡയറക്ടർ റവ.ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ അദ്ധ്യക്ഷത വഹിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ്.കെ.എം. ജോസഫ് സന്ദേശം നൽകി. ടീച്ചേഴ്‌സ് ഗിൽഡ് ഡയറക്ടർ റവ.ഫാ. തോമസ് നങ്ങേലിമാലിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കേരള ലീഗൽ സർവീസസ് അതോറിട്ടി മെമ്പർ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ ജോഷി ജോൺ മുഖ്യപ്രഭാഷണം നടത്തി.
രഞ്ജിത് കൃഷ്ണൻ, തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്‌സൺ രാധാമണി പിള്ള, ടീച്ചേഴ്‌സ് ഗിൽഡ് സെക്രട്ടറി ജീബ പൗലോസ്, റവ.ഫാ. ജോമിഷ് വട്ടക്കര, പ്രമോദ് പാർത്ഥൻ, റവ.ഫാ. ബെന്നി പാലാട്ടി എന്നിവർ സംസാരിച്ചു.