1
തോപ്പുംപടി ഹാർബർ നവീകരണത്തിന് തുടക്കമായപ്പോൾ

തോപ്പുംപടി: കൊച്ചി ഫിഷറീസ് ഹാർബർ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതുമായി ബന്ധപെട്ട നവീകരണ ജോലികളിലെ സ്തംഭനാവസ്ഥയ്ക്ക് പരിഹാരമായി. ശോചനീയാവസ്ഥയിലായിരുന്ന ഫിഷറീസ് ഹാർബറിലേക്കുള്ള റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.റോഡ് നിലവിൽ ആറ് മീറ്ററാണ് നവീകരിക്കുന്നത്.എന്നാൽ 12 മീറ്റർ നവീകരണമാണ് അധികൃതർ പറഞ്ഞിരുന്നതെന്നും അത് പോലെ തന്നെ റോഡ് നവീകരണം നടത്തണമെന്നും കൊച്ചി ഫിഷറീസ് ഹാർബർ സംരക്ഷണ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സംരക്ഷണ സമിതി ഭാരവാഹികളായ വൈസ് ചെയർമാൻ എ.എം നൗഷാദ്,എൻ.എച്ച് ഇസ്ഹാക്ക്,സി.എസ് യൂസഫ്,സി.ബി റഷീദ് എന്നിവർ പോർട്ട് അധികൃതരുമായി ചർച്ച നടത്തി. പരിഹാരമുണ്ടാക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയതായി വൈസ് ചെയർമാൻ എ.എം നൗഷാദ് പറഞ്ഞു. നേരത്തേ ഹാർബർ നവീകരണത്തിലെ സ്തംഭനാവസ്ഥ പരിഹരിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് ഹാർബർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമരം നടത്തിയിരുന്നു.കഴിഞ്ഞ 21 ന് കൊച്ചിൻ പോർട്ടിന്റെ ഇരു ടോൾ ഗേറ്റുകളും ഉപരോധിക്കാൻ തീരുമാനിച്ചതിന് പിന്നാലെ പോർട്ട് അധികൃതർ സംരക്ഷണ സമിതി നേതാക്കളെ ചർച്ചക്ക് വിളിക്കുകയും അനുകൂല സമീപനമുണ്ടായതിനെ തുടർന്ന് സമരം താത്കാലികമായി നിർത്തുകയുമായിരുന്നു.