p

ആലുവ: തെരുവിലും മൈതാനത്തും പറഞ്ഞിട്ടും ലഭിക്കാത്ത നീതിക്കായാണ് കോടതിയെ സമീപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതാവിന് പബ്ളിസിറ്റിക്കായി കോടതിയെ സമീപിക്കേണ്ട ആവശ്യമില്ല, തെരുവിൽ പറഞ്ഞാൽ മതി. കോടതി തോന്നുന്ന പോലെ പറയുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതുപോലെ താൻ പറയില്ല.

എ.ഐ ക്യാമറ ഇടപാടുപോലെ കെ-ഫോൺ പദ്ധതിയിലും അഴിമതിയാണ്. ആയിരം കോടി രൂപയുടെ പദ്ധതി 1500 കോടിയായി. ഏഴു വർഷം കഴിഞ്ഞിട്ടും അഞ്ച് ശതമാനം പേർക്കുപോലും ഗുണമുണ്ടായില്ല. സി.എ.ജിയുടെ പ്രാഥമിക റിപ്പോർട്ടിൽ നിന്ന് തട്ടിപ്പിന്റെ വ്യാപ്തി മനസിലായപ്പോഴാണ് കോടതിയെ സമീപച്ചത്. സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് നൽകിയ ഹർജി കോടതി തള്ളിയിട്ടില്ല. എ.ഐ ക്യാമറ അഴിമതിക്ക് പിന്നിലുള്ള എസ്.ആർ.ടി.എ, പ്രസാഡിയോ കമ്പനികളാണ് കെ-ഫോണിന് പിന്നിലും. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് അഴിമതികളെല്ലാം. തൃശൂരിൽ ടി.എൻ. പ്രതാപന്റെ പേരിൽ ചുവരെഴുതിയത് അദ്ദേഹം അറിയാതെയാണെന്നും സതീശൻ പറഞ്ഞു.

 യു.ഡി.എഫ് തീരുമാനിക്കും

കേരളത്തിന്റെ ധനപ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രത്തിനെതിരെ ഡൽഹിയിൽ ഒരുമിച്ച് സമരം നടത്തണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തിൽ യു.ഡി.എഫ് ചർച്ച ചെയ്ത് തീരുമാനമെടുക്കും. സമരത്തിന്റെ രാഷ്ട്രീയ വശവും സംസ്ഥാനത്തെ ബാധിക്കുന്ന വിഷയവും പരിശോധിച്ചായിരിക്കും തീരുമാനം.