
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യവസായ മന്ത്രി പി. രാജീവിനെതിരെ പരാമർശവുമായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. രാജീവ് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ അനധികൃത വായ്പകൾ അനുവദിക്കാൻ സമ്മർദ്ദം ചെലുത്തിയെന്ന കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി ടി.ആർ. സുനിൽകുമാറിന്റെ മൊഴിയാണ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയത്.
ക്രമവിരുദ്ധ വായ്പകൾക്കായി മുൻ മന്ത്രിമാരായ പാലോളി മുഹമ്മദ് കുട്ടി, എ.സി. മൊയ്തീൻ എന്നിവരും സി.പി.എമ്മിന്റെ ജില്ലാ, പ്രാദേശിക നേതാക്കളും സമ്മർദ്ദം ചെലുത്തിയെന്ന് സുനിൽകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘം ആരോപിക്കുന്നു. തനിക്കെതിരായ കണ്ടുകെട്ടൽ നടപടികളെ ചോദ്യം ചെയ്ത് കരുവന്നൂർ കേസിലെ പ്രതി അലിസാബ്രി നൽകിയ ഹർജിയിലാണ് ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ എസ്.ജി. കവിത്കറുടെ സത്യവാങ്മൂലം.ഹർജിക്കാരനായ അലിസാബ്രി തന്റെയും ഭാര്യയുടെയും ബന്ധുക്കളുടെയും പേരിൽ 6.60 കോടിയോളം രൂപയുടെ അനധികൃത വായ്പകളാണ് തരപ്പെടുത്തിയതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അലിസാബ്രിയുടെ ഹർജി പരിഗണിച്ച കോടതി ,ഇ.ഡിയുടെ വിശദീകരണത്തിനായി രണ്ടാഴ്ചത്തേക്ക് മാറ്റി.
രഹസ്യ അക്കൗണ്ടുകളിൽ
100 കോടിയുടെ ഇടപാടുകൾ
സി.പി.എമ്മിന്റെ വെളിപ്പെടുത്താത്ത അക്കൗണ്ടുകൾ വഴി 10 വർഷത്തിനിടെ 100 കോടി രൂപയുടെ ഇടപാടുകൾ നടന്നതായാണ് ഇ.ഡിയുടെ നിഗമനം. ചോദ്യം ചെയ്യലിനിടെ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി നാല് ബാങ്ക് അക്കൗണ്ടുകളുടേയും നാല് സ്ഥിരനിക്ഷേപങ്ങളുടെയും രേഖകൾ മാത്രമാണ് ഹാജരാക്കിയത്. 17 ഏരിയാ കമ്മിറ്റികളുടെ പേരിൽ സഹകരണ ബാങ്കുകളിൽ വെളിപ്പെടുത്താത്ത 25 അക്കൗണ്ടുകളുണ്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇവയിൽ 1.73 കോടി രൂപയുടെ ക്ലോസിംഗ് ബാലൻസും 63.98 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപവുമാണ് രേഖകളിലെങ്കിലും 100 കോടിയുടെ നിക്ഷേപങ്ങൾ വന്നുപോയിട്ടുണ്ട്.
ലോക്കൽ കമ്മിറ്റികളുടെ പേരിലും ഒട്ടേറെ രഹസ്യ അക്കൗണ്ടുകളുണ്ട്. പാർട്ടി ലെവി, പാർട്ടി ഫണ്ട്, ഇലക്‌ഷൻ ഫണ്ട്, കെട്ടിട ഫണ്ട്, കരുവന്നൂരിലെ അനധികൃത വായ്പകളുടെ കമ്മിഷൻ, ബോർഡിലേക്ക് നാമനിർദ്ദേശം ചെയ്തവരിൽ നിന്നുള്ള സംഭാവന, ജനങ്ങളുടെ സംഭാവന എന്നീ സ്രോതസുകളിൽ നിന്നാണ് പണമെത്തിയിരുന്നത്. മുഖ്യ പ്രതിയും ഇടനിലക്കാരനുമായ പി. സതീഷ്‌കുമാർ ഒരു എം.എൽ.എയുടെയും മുൻ എം.പിയുടേയും ബിനാമിയാണെന്ന വാദവും ഇ.ഡി. ആവർത്തിക്കുന്നു.
നിയമവിരുദ്ധമായി
ഇടപെട്ടിട്ടില്ല:
മന്ത്രി പി. രാജീവ്
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിൽ നിയമവിരുദ്ധമായി ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ലെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. നിയമവിരുദ്ധമായ വായ്പകൾ അനുവദിക്കാൻ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി. രാജീവിന്റെ സമ്മർദ്ദമുണ്ടായെന്ന് ഇ.ഡി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പരാമർശിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഒരു ജില്ലയിലെ പാർട്ടി നേതൃത്വം മറ്റ് ജില്ലകളിലെ കാര്യങ്ങളിൽ ഇടപെടാറില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പലതും ഇനിയും വരും. കെ-ഫോൺ ഹർജിയിൽ കെൽട്രോണിനെ അപകീർത്തിപ്പെടുത്താനാണ് പ്രതിപക്ഷ നേതാവിന്റെ നീക്കം. എം.ടിയുടെയും എം. മുകുന്ദന്റെയും വിമർശനങ്ങളിൽ തങ്ങളെ ബാധിക്കുന്നതുണ്ടെങ്കിൽ ഉൾക്കൊള്ളും. വിമർശനം ഒരാളിലേക്ക് ഒതുക്കാനാണ് ശ്രമമെന്നും മന്ത്രി കൊച്ചിയിൽ പറഞ്ഞു.