സിനഡ് തീരുമാനം മുറിവിൽ മുളക് പുരട്ടുന്നത്

കൊച്ചി: ഏകീകൃത കുർബാന എറണാകുളം അതിരൂപതയിലും നടപ്പാക്കണമെന്ന സിറോമലബാർ സഭാ സിനഡ് തീരുമാനത്തിൽ അതിരൂപതാ സംരക്ഷണ സമിതിയും അൽമായ മുന്നേറ്റവും പ്രതിഷേധിച്ചു. മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ പറഞ്ഞത് കാപട്യമാണെന്നും സംഘടനകൾ ആരോപിച്ചു.

ബിഷപ്പ് ഹൗസിൽ നൽകിയ സ്വീകരണത്തിൽ ആർച്ച് ബിഷപ്പ് നൽകിയ വാക്കുകൾ ലംഘിച്ചാണ് പുതിയ നിർദ്ദേശമെന്ന് അതിരൂപതാ സംരക്ഷണ സമിതി ആരോപിച്ചു.

വിശ്വാസികളെ ചേർത്തുപിടിക്കുമെന്നും പ്രശ്‌നങ്ങൾ കേൾക്കുമെന്നും പറഞ്ഞ ശേഷം ഏകീകൃത കൂർബാന അടിച്ചേൽപ്പിക്കുന്ന ശൈലി അംഗീകരിക്കില്ലെന്ന് സമിതി വക്താവ് ഫാ. ജോസ് വൈലിക്കോടത്ത് പറഞ്ഞു.
മെത്രാന്മാർ രഹസ്യ അജണ്ടകൾ അടിച്ചേല്പിക്കുകയാണ്. 2021ലെ സിനഡിൽ അടിച്ചേല്പിച്ച ഏകീകൃത കുർബാന ഉൾകൊള്ളാൻ വൈദികർക്കും വിശ്വാസികൾക്കും കഴിയില്ല. സിനഡ് സർക്കുലർ പിൻവലിച്ച് വൈദികരെയും വിശ്വാസികളെയും കേൾക്കാൻ തയ്യാറാവണം. ബോസ്‌കോ പുത്തൂരും റാഫേൽ തട്ടിലും വൈദികരുടെയും വിശ്വാസികളെയും കേൾക്കാൻ തയ്യാറാല്ല. പരിഹാരം കാണുന്നതുവരെ അതിരൂപതയിലെ ഇടവകകളിലേക്കോ സ്ഥാപനങ്ങളിലക്കോ ആർച്ച് ബിഷപ്പിനെ ക്ഷണിക്കേണ്ടന്നും സംരക്ഷണ സമിതി തീരുമാനിച്ചു.

പുതിയ മേജർ ആർച്ച് ബിഷപ്പ് വിശ്വാസികൾക്ക് മുന്നിൽ അപഹാസ്യനായെന്ന് അൽമായ മുന്നേറ്റം ആരോപിച്ചു. അദ്ദേഹം പറഞ്ഞത് വാചകക്കസർത്ത് മാത്രമാണ്. നിർബന്ധപൂർവം സിനഡ് കുർബാന അടിച്ചേൽപ്പിച്ചാൻ പ്രതിരോധിക്കുമെന്ന് കൺവീനർ ജെമി ആഗസ്റ്റിനും വക്താവ് റിജു കാഞ്ഞൂക്കാരനും പറഞ്ഞു.

പുതിയ മേജർ ആർച്ച് ബിഷപ്പിന്റെ മധുവിധു കഴിഞ്ഞു. വൈദികരെ പുകഴ്‌ത്തി കൈയിലെടുക്കാനുള്ള റാഫേൽ തട്ടിലിന്റെ നീക്കം വിലപ്പോവില്ല. പ്രതിരോധം അടുത്ത ദിവസങ്ങളിൽ റാഫേൽ തട്ടിലും ബോസ്‌കോ പുത്തൂരും തിരിച്ചറിയുമെന്ന് അൽമായ മുന്നേറ്റം പറഞ്ഞു.