 
പറവൂർ: കോട്ടുവള്ളി പഞ്ചായത്ത് പതിനാറാം വാർഡിൽ ആലക്കട ധർമ്മദൈവ ക്ഷേത്രത്തോടനുബന്ധിച്ചുള്ള കുളം നികത്താൻ ശ്രമമെന്ന് പരാതി. ഏഴ് നൂറ്റാണ്ടിലധികം വർഷത്തെ പഴക്കമുള്ള കുടുംബക്ഷേത്രമാണിതെന്ന് ഭാരവാഹികൾ പറവൂർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. കൈതാരം എൻ.എസ്.എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയോട് ചേർന്നാണ് ക്ഷേത്രവും സ്ഥിതിചെയ്യുന്നത്. ഒന്നര ഏക്കറിലധികം വരുന്ന ഭൂമിയിൽ പത്ത് സെന്റോളം വിസ്തൃതിയിലാണ് കുളം. ക്ഷേത്രാവശ്യങ്ങൾക്ക് ഈ കുളത്തിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് കിണർ സ്ഥാപിച്ചതോടെ കുളം ഉപയോഗിക്കാതെയായി. ക്ഷേത്രം നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയിരുന്നു. കുളവും പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് ഒരു കൂട്ടർ നികത്താൻ ഒരുക്കങ്ങൾ നടത്തുന്നത്.
ശനിയാഴ്ച രാത്രി കുളത്തിനുചുറ്റും നിരവധി ലോഡ് മാലിന്യം കൊണ്ടുവന്ന് ഇറക്കി. ക്ഷേത്രഭാരവാഹികളറിയാതെ കുളം നികത്താനുള്ള ശ്രമമാണിതെന്ന് സെക്രട്ടറി വിജയൻ പറഞ്ഞു. ഇത് ക്ഷേത്രത്തിലേതടക്കം പരിസരത്തെ ജലസ്രോതസുകളെ ബാധിക്കുമെന്നും തണ്ണീർത്തട സംരക്ഷണ നിയമത്തിനെതിരാണെന്നും പ്രദേശവാസികൾ പറഞ്ഞു.