laha

 സാമ്പത്തിക ഇടപാട് പരിശോധിക്കുന്നു

കൊച്ചി: കൊച്ചിയിലെ വിദേശ തപാൽ ലഹരിക്കേസിൽ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അന്വേഷണം പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച്. ആവശ്യക്കാരെ ചങ്ങലപോലെ കൂട്ടിയിണക്കി, പണം സ്വരൂപിച്ചാണ് പ്രതികൾ ജർമ്മനിയിൽ നിന്നടക്കം പാഴ്സലുകളായി ലഹരിമരുന്നുകൾ ഇറക്കുമതി ചെയ്തിരുന്നതെന്ന കണ്ടെത്തലിന് പിന്നാലെയാണിത്.

ഇന്ത്യൻ രൂപ ക്രിപ്‌റ്റോ കറൻസിയി​ലേക്ക് മാറ്റിയെടുത്തശേഷം നിഗൂഢവ്യാപാരത്തിന് ഉപയോഗിക്കുന്ന രഹസ്യശൃംഖലയായ 'ഡാർക്ക് വെബ്' വഴി ലഹരിമരുന്നുകൾ ഓർഡർചെയ്യുന്നതാണ് രീതി. കേസിൽ രണ്ട് പേരെകൂടി എൻ.സി.ബി. അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. എറണാകുളം സ്വദേശികളായ ശരത്ത് പാറക്കൽ, അബിൻ ബാബു, ഷാരുൺ ഷാജി, കെ.പി. അമ്പാടി, സി.ആർ. അക്ഷയ്, ആനന്ദകൃഷ്ണ ടെബി, ആന്റണി സഞ്ജയ് എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച അഞ്ചുപേർ പിടിയിലായെങ്കിലും വിവരങ്ങൾ അന്വേഷണ ഏജൻസി പുറത്തുവിട്ടിരുന്നില്ല. കൊച്ചി, കാക്കനാട്, ആലുവ, എരൂർ എന്നിവിടങ്ങളിൽ എൻ.സി.ബി. നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്. 7.59 ഗ്രാം എൽ.എസ്.ഡി ( 326 എണ്ണം), 8.25 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് പിടിച്ചെടുത്തത്. ജില്ലയിലെ വിവിധിടങ്ങളിൽ നടത്തിയ പരിശോധനയിൽ നിന്ന് ഇവ കണ്ടെത്തിയത്. ഈമാസം ഒമ്പതിന് ചിറ്റൂർ റോഡിലുള്ള വിദേശ പോസ്റ്റലുകൾ കൈകാര്യം ചെയ്യുന്ന പോസ്റ്റ് ഓഫീസിലേക്ക് എത്തിയ പാഴ്സലിൽ സംശയംതോന്നി നടത്തിയ പരിശോധനയാണ് ഏഴ് യുവാക്കളുടെ കൂട്ട അറസ്റ്റിന് വഴിവച്ചത്.

 അന്ന് 59 പേരെ നോട്ടമിട്ടു


2022 മാർച്ചിൽ സമാനമായി എൽ.എസ്.ഡി സ്റ്റാമ്പ് ഇറക്കുമതി ചെയ്ത കേസിൽ, കൊച്ചിയിലെ വിദേശ തപാൽ എക്‌സ്‌ചേഞ്ച് ഓഫീസ് വഴി ലഹരിക്കച്ചവടം നടത്തിയിരുന്ന 56 പേരെ അറസ്റ്റ് ചെയ്യാൻ എക്‌സൈസ് പദ്ധതിയിട്ടിരുന്നു. 'ഡാർക്ക് വെബ്' വഴി ഓർഡർ ചെയ്ത് തപാലിൽ യൂറോപ്പിൽ നിന്നാണ് ഒരു നുള്ളിന് ലക്ഷങ്ങൾ വിലയുള്ള മയക്കുമരുന്ന് എത്തിച്ചിരുന്നത്. ഇവരുടെ പേരിൽ 60ഓളം കൊറിയറുകൾ അടുത്തിടെ മാത്രം തപാൽ ഓഫീസിൽ എത്തിയിരുന്നു.

13 ഫോറിൻ പോസ്റ്റ് ഓഫീസ്
കൊച്ചിയുൾപ്പെടെ രാജ്യത്തെ അഞ്ച് ഫോറിൻ തപാൽ എക്‌സ്‌ചേഞ്ചുകൾക്കു പുറമേ 13 ഫോറിൻ പോസ്റ്റ് ഓഫീസുകളുമുണ്ട്. എക്‌സ്‌ചേഞ്ച് ഓഫീസിലേക്ക് വരുന്ന വിദേശ കൊറിയർ പരിശോധന പൂർത്തിയാക്കി ഫോറിൻ പോസ്റ്റ് ഓഫീസിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്. കൊച്ചിയിലെ ഫോറിൻ എക്‌സ്‌ചേഞ്ച് ഓഫീസിലേക്കാണ് ലഹരിക്കൊറിയറുകൾ അധികവും എത്തിയിരുന്നത്. ഇവിടെ നിന്ന് കോഴിക്കോട്ടേക്ക് തപാലിൽ തന്നെ എത്തിച്ചാണ് ഫസലു കൈപ്പറ്റിയിരുന്നത്. തപാൽ മാർഗമാണ് ഇയാൾ ലഹരിവില്പന നടത്തിയിരുന്നതും.