വൈപ്പിൻ: പാലിയേറ്റീവ് ദിനത്തിൽ ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകത്തിൽ പാലിയേറ്റീവ് സംഗമം നടത്തി. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗികളുമായി വൈപ്പിനിലേക്ക് നടത്തിയ സ്‌നേഹായനത്തിന്റെ ഭാഗമായിട്ടായിരുന്നു സംഗമം നടത്തിയത്. കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
നവോത്ഥാന നായകനായ സഹോദരന്റെ ഓർമ്മകൾ ജ്വലിക്കുന്ന ഭൂമി പാലിയേറ്റിവ് സംഗമത്തിനായി തിരഞ്ഞെടുത്തത് സാർത്ഥകവും സമുചിതവുമായെന്ന് എം.എൽ.എ പറഞ്ഞു. പാലിയേറ്റിവ് രോഗികൾക്കും മറ്റുമൊപ്പം സ്‌നേഹവിരുന്നും നടത്തി. 40 പാലിയേറ്റീവ് രോഗികളുമായിട്ടായിരുന്നു സംഘത്തിന്റെ സ്‌നേഹായനം.
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ സംഗമത്തിൽ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന സനിത റഹിം മുഖ്യാതിഥിയായി.
മൂവാറ്റുപുഴയിൽ നിന്നാരംഭിച്ച യാത്ര കൊച്ചി മെട്രോ, വാട്ടർ മെട്രോ, സഹോദരൻ അയ്യപ്പൻ സ്മാരകം, കുഴുപ്പിള്ളി ബീച്ച് എന്നിവിടങ്ങൾ സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മേഴ്‌സി ജോർജ്, ബെസ്റ്റിൻ ചേറ്റൂർ, പ്രൊഫ. ജോസ് അഗസ്റ്റിൻ, റിയാസ് ഖാൻ, രമ രാമകൃഷ്ണൻ, അഡ്വ. ബിനി ഷൈമോൻ, സിബിൾ സാബു തുടങ്ങിയവർ നേതൃത്വം നല്കി.