 
ആലങ്ങാട്: ആലങ്ങാട്, കരുമാല്ലൂർ മേഖലയിൽ പട്ടാപ്പകലും മോഷണം വ്യാപകമായി. നീറിക്കോട് മുല്ലൂർ ജോസഫിന്റെ വീട്ടിൽനിന്നാണ് ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പിലിരുന്ന ബൈക്ക് മോഷണംപോയത്. വീടിന്റെ ഗേറ്റും പൂട്ടിയിട്ടിരിക്കുകയായിരുന്നു. കുറച്ചുകഴിഞ്ഞ് നോക്കിയപ്പോഴാണ് മുറ്റത്ത് ബൈക്കില്ലെന്ന് അറിയുന്നത്. കാര്യമായ ശബ്ദമൊന്നും വീട്ടുകാർ കേട്ടിരുന്നില്ല. അതുകൊണ്ട് ബൈക്ക് പുറത്തെവിടെയെങ്കിലുംവച്ച് മറന്നതായിരിക്കുമെന്നു കരുതി പരിശോധിച്ചെങ്കിലും കണ്ടില്ല. തുടർന്ന് ആലങ്ങാട് പൊലീസിൽ പരാതി നൽകി. പോലീസ് പ്രദേശത്തെ സി.സി ടിവി ദൃശ്യങ്ങളെല്ലാം പരിശോധിച്ചെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
നീറിക്കോട് പ്രദേശത്ത് ഇതുപോലെ കഴിഞ്ഞദിവസം സൈക്കിളുകൾ മോഷണംപോയിരുന്നു. മാഞ്ഞാലിയിൽ കടയുടെ മുന്നിലിരുന്ന ബൈക്കാണ് അന്യസംസ്ഥാന തൊഴിലാളി ഉരുട്ടിക്കൊണ്ടുപോയത്. സമീപത്തെ പെട്രോൾ പമ്പിലെത്തിയപ്പോൾ സംശയംതോന്നിയ ജീവനക്കാർ പിടിച്ചുവച്ചു. തുടർന്ന് തൊഴിലാളിയുടെ കൂട്ടുകാർ അവിടെയെത്തി ആ ബൈക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. അപ്പോഴാണ് നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചത്. പക്ഷെ അന്യസംസ്ഥാന തൊഴിലാളിക്ക് ബൈക്ക് മാറിപ്പോയതായി കാണിച്ച് കേസുപോലുമെടുക്കാതെ പൊലീസ് അവരെ വിട്ടയച്ചു.
അതേസമയം മാറിപ്പോകുവാൻ സമീപത്ത് അത്തരത്തിൽ മറ്റൊരു ബൈക്ക് ഉണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മാത്രമല്ല പൊലീസിന്റെ സാന്നിദ്ധ്യത്തിൽ അവിടെനിന്നും തൊഴിലാളികളുടേതെന്ന് പറയുന്ന ബൈക്ക് പിന്നീട് എടുത്തുകൊണ്ടുപോവുകയുംചെയ്തിട്ടില്ല.