road
സുരക്ഷാ വലയം

കൊച്ചി: ആറ് എസ്.പിമാർ. 26 ഡിവൈ.എസ്.പിമാർ. 2000ലധികം പൊലീസ് ഉദ്യോഗസ്ഥർ. കേന്ദ്ര അന്വേഷണ ഏജൻസികൾക്കൊപ്പം സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (എസ്.പി.ജി) മേൽനോട്ടവും. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൊച്ചിയിൽ ഒരുക്കുന്നത് അതീവസുരക്ഷ. പ്രധാനമന്ത്രി സന്ദർശിക്കുന്ന സ്ഥലങ്ങളുടെയും പങ്കെടുക്കുന്ന പരിപാടികളുടെയും നിയന്ത്രണം ഇന്നലെ ഉച്ചയോടെ എസ്.പി.ജി ഏറ്റെടുത്തു. ഐ.ജി. സുരേഷ് രാജ് പുരോഹിത് കേരളത്തിൽ എത്തിട്ടുണ്ട്. എസ്.പി.ജി തലവൻ നേരിട്ടാണ് സ്ഥിതിഗതികൾ വിലയിരുത്തുന്നത്.

ഡി.ജി.പി. ഷെയ്ഖ് ദാവേഷ് സാഹിബിന്റെ സാന്നിദ്ധ്യത്തിൽ സംസ്ഥാന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും രാവിലെ യോഗം ചേർന്ന് സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തും. നേരത്തെ പ്രധാനമന്ത്രിയുടെ സുരക്ഷാ പദ്ധതി ചോരുകയും വധഭീഷണിക്കത്ത് പുറത്താകുകയും ചെയ്ത സാഹചര്യത്തിൽ അതീവശ്രദ്ധയാണ് സുരക്ഷയിൽ പൊലീസ് പുലർത്തുന്നത്. ഇന്നും നാളെയും നഗരത്തിൽ കർശന ഗാതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ പോയിന്റിലും അഞ്ചിലധികം പൊലീസുകാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്തിന് പുറമേ കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്ന് പൊലീസുകാരെ സുരക്ഷയ്ക്കായി കൊച്ചിയിൽ നിയോഗിച്ചിരിക്കുന്നത്.

വൈകിട്ട് 6.30ന് കൊച്ചി നാവിക വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി ഇറങ്ങുക. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മേയർ അഡ്വ. എം. അനിൽകുമാർ, പൊലീസ് മേധാവി ഷെയ്ഖ് ദാവേഷ് സാഹിബ്, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവർ പ്രധാനമന്ത്രിയെ സ്വീകരിക്കും. തുടർന്ന് റോഡ് മാർഗം കെ.പി.സി.സി ജംഗ്ഷനിലെത്തും. ഇവിടെ നിന്ന് റോഡ് ഷോയായി എറണാകുളം ഗസ്റ്റ് ഹൗസിലേക്ക്. റോഡ് ഷോ കടന്നുപോകുന്ന ഭാഗങ്ങളിൽ സി.സി.ടിവി കാമറയടക്കം സ്ഥാപിച്ചാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. രാത്രി 7.10ന് റോഡ് ഷോ ആരംഭിക്കുന്നതിനാൽ പ്രദേശത്ത് എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മരച്ചില്ലകളടക്കം ഇന്നലെ വെട്ടിമാറ്റി.

നാളെ രാവിലെ ആറിന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി കൊച്ചി നാവിക വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്ടറിൽ ഗുരുവായൂരിലേക്ക് പോകും. 12 ഓടെ തിരിച്ചെത്തും. പിന്നീട് ഗസ്റ്റ്ഹൗസിൽ തങ്ങുന്ന പ്രധാനമന്ത്രി മറൈൻഡ്രൈവിൽ നടക്കുന്ന ബി.ജെ.പിയുടെ ബൂത്ത്തല കമ്മിറ്റിയുടെ ചുമതലവഹിക്കുന്നവരുടെ ശക്തികേന്ദ്ര യോഗത്തിൽ സംബന്ധിക്കും. 7000 പ്രവർത്തകർ പങ്കെടുക്കുമെന്ന യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് 2.30ന് ഡൽഹിയിലേക്ക് തിരിക്കും.