വൈപ്പിൻ: മുടങ്ങിക്കിടന്ന വളപ്പ് ബീച്ച് മുതൽ വടക്കു ഭാഗത്തേക്കുള്ള തീരദേശ റോഡ് നിർമ്മാണം 25ന് പുനരാരംഭിക്കും. ഞാറക്കൽ പൊതുമരാമത്ത് അസി. എൻജിനിയറുടെ സാന്നിധ്യത്തിൽ കരാറുകാരൻ ഇക്കാര്യം ഉറപ്പുനൽകി. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ആരംഭിച്ച റോഡ് നിർമ്മാണം പല ഘട്ടങ്ങളിലും കരാറുകാരൻ നിർത്തിവെച്ചിരുന്നു. പണി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പുമായി പല തവണ ചർച്ച ചെയ്‌തെങ്കിലും ഇടയ്ക്കിടെ നിർത്തിവെക്കുന്ന നിലപാടാണ് കോൺട്രാക്ടർ സ്വീകരിച്ചുപോന്നത്.
ഇതേതുടർന്ന് തിങ്കളാഴ്ച സി.പി.എം എളങ്കുന്നപ്പുഴ ലോക്കൽ സെക്രട്ടറി കെ. എസ്. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി അസി. എൻജിനിയറുടെ ഓഫീസിലെത്തി വിവരങ്ങൾ ആരാഞ്ഞു. എന്നാൽ വ്യക്തമായ മറുപടി നൽകാൻ അസി. എൻജിനയർക്കായില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടെടുത്തതോടെയാണ് കോൺട്രാക്ടറുടെ പ്രതിനിധികൾ സ്ഥലത്തെത്തിയതും ചർച്ചയിൽ തീരുമാനമായതും.
ഈ റോഡ് ആദ്യം കരാർ എടുത്തയാൾ നിർമ്മാണം നടത്താതെ വന്നപ്പോൾ സർക്കാർ ഇടപെട്ട് വീണ്ടും ടെൻഡർ വിളിച്ചാണ് പുതിയ കരാർ നൽകിയത്. ഒന്നര ഇഞ്ച് മെറ്റൽ വിരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. പിന്നീടുള്ള പണികൾ ഒച്ചിഴയും വേഗത്തിലാണ് മുന്നോട്ടുനീങ്ങിയത്. നിലവിൽ റോഡിലൂടെ കാൽനടപോലും അസാദ്ധ്യമാണ്. നിശ്ചയിച്ച തീയതിയിൽ നിർമ്മാണം പുനരാരംഭിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് സി.പി.എം അറിയിച്ചു. പഞ്ചായത്ത് അംഗം കെ. ആർ. സുരേഷ്ബാബു, എം. എ. പ്രസാദ്, വി. കെ. ലാലൻ തുടങ്ങിയവരും പൊതുമരാമത്ത് ഓഫീസിൽ എത്തിയിരുന്നു.