 
ആലുവ: കലാ പ്രവർത്തനങ്ങൾക്ക് ഇടവേളനൽകി എം.വി. ദേവൻ നടത്തിയ പൊതുപ്രവർത്തനങ്ങളാണ് പിൽക്കാലത്ത് വന്ന കലാകാരൻമാർക്ക് ശബ്ദമുയർത്താൻ സഹായിച്ചതെന്ന് സാഹിത്യനിരൂപകൻ പ്രൊഫ.എം. തോമസ് മാത്യു പറഞ്ഞു.
ദേവന്റെ വീടായ ആലുവ പുളിഞ്ചോട് 'ചൂർണി'യിൽ നടന്ന ദേവസന്ധ്യയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദേവൻ കലാപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകാതെ പൊതുപ്രവർത്തനങ്ങൾക്ക് സമയം നൽകിയെന്ന വിമർശനം ഉയർന്നിരുന്നു. ഈ വിമർശനങ്ങൾ പറയുവാനായി അവർക്ക് കരുത്ത് നൽകിയത് ദേവന്റെ പ്രവർത്തനങ്ങളായിരുന്നു. ലോകത്തെക്കുറിച്ച് സ്വപ്‌നം കാണുകയും സ്വപ്‌നങ്ങൾ കരിഞ്ഞുപോകുന്നത് നേരിൽ കാണുമ്പോൾ അതിന് കാരണക്കാരനായവർക്കെതിരെ രോഷം കൊള്ളുകയും ചെയ്യുന്നതായിരുന്നു ദേവന്റെ രീതി. ഇതാണ് അദ്ദേഹത്തെ ചലിപ്പിച്ചിരുന്നത്.
ഭരണാധികാരികളുടെ നയവൈകല്യങ്ങൾക്കെതിരേയും ശക്തമായി ശബ്ദമുയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സ്ഥാനമാനങ്ങൾ തനിക്ക് ഭാരമായി തീരേണ്ടേന്നും അതിനേക്കാൾ വലുതാണ് വ്യക്തിയെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. മദ്രാസിലെ തന്റെ ലളിതകലാ അക്കാഡമി സെക്രട്ടറി സ്ഥാനത്തെ സംബന്ധിച്ച് വിമർശനങ്ങൾ ഉണ്ടായപ്പോൾത്തന്നെ സ്ഥാനം രാജിവച്ച് മാതൃകയാകാനും അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് പ്രൊഫ.എം. തോമസ് മാത്യു പറഞ്ഞു.
ഗുരുവന്ദനം എന്ന തലക്കെട്ടിൽ കെ.എസി.എസ്. പണിക്കർ ഓർമ്മദിനവും എം.വി. ദേവൻ ജന്മദിനവും ആചരിച്ചു. എം.വി. ദേവന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ ഈ വർഷത്തെ എം.വി. ദേവൻ പുരസ്‌കാരത്തിന് ശില്പി കാനായി കുഞ്ഞിരാമനാണ് അർഹനായത്. ചടങ്ങിൽ എത്താതിരുന്ന അദ്ദേഹത്തിന് പുരസ്‌കാരം നേരിട്ട് നൽകും. എം.വി. ദേവനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളടങ്ങിയ 'ദേവ സ്മൃതികളിലൂടെ 2014' എന്ന പുസ്തകം പ്രകാശിപ്പിച്ചു.
എം. ഹരീന്ദ്രൻ, ഡോ. മഹേഷ് മംഗലാട്ട്, ടി. കലാധരൻ, ബാബു പുത്തനങ്ങാടി, വി.കെ. ഷാഹിന, കെ.ആർ. വിനയൻ എന്നിവർ സംസാരിച്ചു. അഡ്വ.എ. ജയശങ്കർ, ശ്രീമൂലനഗരം മോഹൻ, എം.വി. ദേവന്റെ മക്കളായ ജമീല എം.ദേവൻ, ശാലിനി എം. ദേവൻ, കുടുബാംഗങ്ങളായ അപർണ, അശ്വിൻ, സിദ്ധാർത്ഥ് എന്നിവർ പങ്കെടുത്തു.