പള്ളുരുത്തി: 35 വർഷമായി കൊച്ചി നഗരസഭ അംഗീകരിച്ച പള്ളുരുത്തി എം.എൽ.എ റോഡിലുള്ള കല്ല് ചിറ റോഡിന്റെ പേര് മാറ്റിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. റോഡിന്റെ പേര് മാറ്റത്തിനെതിരെ സമരം നടത്തുന്ന കല്ല് ചിറ സമര സമിതിക്കെതിരെ വർഗീയത ആരോപിച്ച് ചിലർ രംഗത്ത് വന്നതോടെ സമര സമിതിയുടെ നേതൃത്വത്തിൽ നയ വിശദീകരണ യോഗം സംഘടിപ്പിച്ചു. നഗരസഭാ റോഡുകൾ നാമകരണം ചെയ്ത കാലം മുതൽക്കേ അറിയപ്പെട്ടിരുന്ന കല്ല് ചിറ റോഡ് ഇപ്പോൾ സെന്റ് അഗസ്റ്റിൻ കോൺവെന്റ് റോഡ് എന്ന് പുനർനാമകരണം ചെയ്തതാണ് പ്രതിഷേധത്തിനിടയാക്കിയത്.

15 പേർ അടങ്ങുന്ന വാർഡ് സഭ കൂടിയാണ് ഡിവിഷൻ കൗൺസിലർ മുൻ കൈയെടുത്ത് പേര് മാറ്റിച്ചതെന്ന് സമരസമിതി ഭാരവാഹികൾ ആരോപിച്ചു. കൗൺസിലർ പി.ആർ. രചന തെറ്റ് തിരുത്തി കല്ല് ചിറ റോഡ് പുന:സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വിഷയത്തിൽ ഭാരവാഹികൾ മേയർക്കും കോർപ്പറേഷൻ സെക്രട്ടറിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. നയ വിശദീകരണ യോഗത്തിൽ സമര സമിതി ചെയർമാൻ കെ.എ. ഷഫീഖ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ടി.എ. റംഷാദ്,ഹാരിസ് അബു,ടി.കെ. സുബൈർ,പി.എസ്. വിജു, പി.ബി. സുജിത്ത്,അംബരീക്ഷൻ,നൂഹ്,കെ.എം. ആസിഫ്, സിറാജുദ്ദീൻ, വാഹിദ് ആനച്ചാൽ, ഇസ്മയിൽ, വിനീഷ് വിശ്വംഭരൻ, പി.എം. സിദ്ദീഖ്, നാസർ തുടങ്ങിയവർ സംസാരിച്ചു.