കൊച്ചി: അന്തരിച്ച മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ തന്റെ സാന്നിദ്ധ്യം കൊണ്ടുപോലും പാർട്ടിക്കും പ്രവർത്തകർക്കും ആത്മബലം പകർന്ന നേതാവായിരുന്നെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹനാൻ എം.പി പറഞ്ഞു. എറണാകുളം ഡി.സി.സിയുടെ നേതൃത്വത്തിൽ വൈ.എം.സിഎ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എംപി, സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, എം.എൽ.എമാരായ കെ.ബാബു, റോജി എം.ജോൺ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഹംസ പറക്കാട്, കേരള കോൺഗ്രസ് (എം) പ്രസിഡന്റ് ടോമി ജോസഫ്, കേരള കോൺഗ്രസ് (ജോസഫ്) പ്രസിഡന്റ് ഷിബു തെക്കുംപുറം, ആർ,എസ്,പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പ്രസന്നകുമാർ, കേരള കോൺഗ്രസ് (ജേക്കബ് )ജില്ലാ പ്രസിഡന്റ് ഇ.എം മൈക്കിൾ, നേതാക്കളായ എൻ. വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.