മൂവാറ്റുപുഴ: സമഷ്ടി റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം റോഡിലൂടെ ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു. നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് സമഷ്ടി റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾ പറഞ്ഞു. ചെറുവട്ടൂർ - പായിപ്ര റോഡിൽ നിന്ന് തുടങ്ങി റോഡ് കാവാട്ടു മുക്ക് കക്ഷായി റോഡിലേക്ക് എത്തിചേരുന്ന ലിങ്ക് റോഡാണ് സമഷ്ടി . കാവാട്ടു മുക്ക് കക്ഷായി റോഡിലേക്ക് കയറുന്ന സ്ഥലത്താണ് പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത്. വെള്ളം കെട്ടിനിന്ന് റോഡ് തകർന്നിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് പഞ്ചായത്തും വാട്ടർ അതോറിട്ടിയും ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ദിവസവും നൂറുകണക്കിന് വാഹനങ്ങളും നിരവധി കാൽനടയാത്രക്കാരും ഉപയോഗിക്കുന്ന റോഡാണ് തകർന്ന് ചെളിക്കളമായത്. റോഡിലെ മലിനജലം ശുദ്ധജലത്തിൽ ലയിക്കുന്നതിനാൽ പൈപ്പുവെള്ളം കുടിക്കാൻ കഴിയാത്ത അവസ്ഥയും നിലവിലുണ്ട്. പൊതുമരാമത്തു വകുപ്പിന്റെ അശാസ്ത്രീയമായ ഓട നിർമ്മാണം മൂലം കക്ഷായി റോഡിൽ നിന്നുള്ള വെള്ളവും ചപ്പുചവറുകളും വന്നടിഞ്ഞും സമഷ്ടി റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്നുണ്ട്. കുടിവെള്ളപൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തി നവീകരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് സമഷ്ടി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മുരളി അകത്തൂട്ട് ആവശ്യപ്പെട്ടു.