
ലോകത്താകമാനം സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരികയാണ്. വിവര സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കാനുപാതികമായി സൈബർ കുറ്റകൃത്യങ്ങളും കൂടുന്നുണ്ട്. ഇത് തടയാനായി സൈബർ സെക്യൂരിറ്റി ഏറെ കരുത്താർജ്ജിക്കേണ്ടതുണ്ട്. റാൻസംവെയർ ഭീഷണി, ഡാറ്റ മോഷണം, രാജ്യാന്തരതലത്തിലുള്ള കുറ്റകൃത്യങ്ങൾ എന്നിവ സൈബർ കുറ്റകൃത്യങ്ങളിൽപ്പെടുന്നു.
സൈബർ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ ഡിജിറ്റൽ ഫോറൻസിക് അനലിസ്റ്റ്, ഇൻവെസ്റ്റിഗേറ്റർ, സൈബർ സെക്യൂരിറ്റി എൻജിനിയർ, ഇൻസിഡന്റ് റിപ്പോർട്ടർ, മാൽവെയർ അനലിസ്റ്റ്, ആപ്ലിക്കേഷൻ പെൻടെസ്റ്റർ, സെക്യൂരിറ്റി ആർക്കിടെക്ട്, ടെക്നിക്കൽ ഡയറക്ടർ, സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ അനലിസ്റ്റ്, സെക്യൂർ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് മാനേജർ തുടങ്ങിയ തൊഴിൽ മേഖലകൾക്ക് ആഗോളതലത്തിൽ സാദ്ധ്യതയേറുകയാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സൈബർ സെക്യൂരിറ്റി സൊല്യൂഷനുകളുണ്ട്. സൈബർ അറ്റാക്കുകളെ മില്ലിസെക്കന്റിനകം കണ്ടെത്താൻ ഇവ സഹായിക്കും. ഡാറ്റാമോഷണം ഒഴിവാക്കാനും എളുപ്പത്തിൽ ഡാറ്റ അനാലിസിസ് പൂർത്തിയാക്കാനും AI അധിഷ്ഠിത സൈബർ സെക്യൂരിറ്റി സിസ്റ്റം ഉപകരിക്കും.
സൈബർസെക്യൂരിറ്റിയിൽ തൊഴിൽ നേടാൻ ആവശ്യമായ സ്കിൽ കൈവരിക്കണം. കംപ്യൂട്ടർ സയൻസ്, ഐ.ടി., എൻജിയറിംഗ്, സയൻസ് ബിരുദധാരികൾക്ക് ഈ മേഖലയിലെത്താം. C++, JAVA, Python തുടങ്ങിയ പ്രോഗ്രാമിംഗ് ലാംഗ്വേജും അനലിറ്റിക്സും സോഫ്റ്റ്സ്കില്ലും ആവശ്യമാണ്. നിരവധി സൈബർ സെക്യൂരിറ്റി സർട്ടിഫിക്കേഷനുകളുണ്ട്. CEH, CISCO, CISSR, TIA സർട്ടിഫിക്കേഷനുകൾ ഇവയിൽപ്പെടും.
പ്ലസ് ടു മാത്സ്, കംപ്യൂട്ടർ സയൻസ് പഠിച്ചവർക്ക് സൈബർ സെക്യൂരിറ്റി മേഖലയിൽ പ്രവർത്തിക്കാൻ താത്പര്യമുണ്ടെങ്കിൽ എൻജിനിയറിംഗ്, കംപ്യൂട്ടർ സയൻസ്, ബി.സി.എ., ഐ.ടി, ബിരുദ പ്രോഗ്രാമിന് ചേരാം. ബി.ടെക് കംപ്യൂട്ടർ സയൻസ്, എൻജിനിയറിംഗ്, എ.ഐ.& ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി കോഴ്സുകളുണ്ട്.
ആർക്കിടെക്ച്ചർ കോഴ്സ്
തിരുവനന്തപുരം: തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി വിജയിച്ചവർക്കുള്ള 60 മണിക്കൂർ ദൈർഘ്യമുള്ള റെവിറ്റ് ആർക്കിടെക്ച്ചർ കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഫോൺ 9446464673, 7012884675.
ആയുഷ് മിഷനിൽ ജേണലിസ്റ്റ് ട്രെയിനി
തിരുവനന്തപുരം: നാഷണൽ ആയുഷ് മിഷൻ കേരളം ജേണലിസ്റ്റ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 25നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് www.nam.kerala.gov.in. ഫോൺ: 0471-2474550.
ഒക്കുപേഷണൽ തെറാപ്പിയിൽ ഒഴിവ്
തിരുവനന്തപുരം : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗിന്റെ കോളേജ് ഒഫ് ഒക്കുപേഷണൽ തെറാപ്പിയിൽ വിവിധ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 25. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career.
പബ്ലിക് ലിമിറ്റഡ് ഹെൽത്ത് കെയറിൽ ഒഴിവുകൾ
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി MENA, യൂറോപ്പ് എന്നിവിടങ്ങളിലുടനീളം പ്രവർത്തനങ്ങളുള്ള യു.എ.ഇ ആസ്ഥാനമായ പബ്ലിക് ലിമിറ്റഡ് ഹെൽത്ത് കെയർ കമ്പനിക്കായി ഡെപ്യൂട്ടി സി.എഫ്.ഒ / ഡയറക്ടർ ഫോർ ഇൻവെസ്റ്റ്മെന്റ് ആൻഡ് സ്ട്രാറ്റജി ഒഴിവിലേക്ക് റിക്രൂട്ട് ചെയ്യുന്നു. ഫിനാൻസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ അല്ലെങ്കിൽ അനുബന്ധ ഫീൽഡ് എന്നിവയിൽ ബിരുദാനന്തര ബിരുദവും മൾട്ടി നാഷണൽ കമ്പനിയിൽ സമാന തസ്തികയിൽ 10 വർഷത്തിൽ കുറയാത്ത പരിചയസമ്പത്തുള്ളവർക്ക് പങ്കെടുക്കാം. ശമ്പളം : AED 35,000 മുതൽ 40,000. ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ, തൊഴിൽ പരിചയം, പാസ്സ്പോർട്ട്, ആധാർ എന്നിവ സഹിതം recruit@odepc.in ലേക്ക് അയയ്ക്കണം. ഭക്ഷണം, താമസ സൗകര്യം, മെഡിക്കൽ ഇൻഷ്വറൻസ്, വിമാന ടിക്കറ്റ് എന്നിവ നൽകും. വിദേശ തൊഴിൽ പരിചയം ഉള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ : 04712329440/41/42 /45 / 7736496574.
നിർമ്മിതബുദ്ധി മത്സരവുമായി ഐ.എച്ച്.ആർ.ഡി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കീഴിലെ ഐ.എച്ച്.ആർ.ഡിയുടെ നേതൃത്വത്തിൽ ഹയർ സെക്കൻഡറിതല നിർമ്മിതബുദ്ധി മത്സരം സംഘടിപ്പിക്കുന്നു. സ്കൂൾതല മത്സരങ്ങളിൽ വിജയിക്കുന്ന വിദ്യാർത്ഥികളെ ജില്ലാതലത്തിലും ജില്ലാതലത്തിൽ വിജയിക്കുന്നവർക്ക് സംസ്ഥാന തലത്തിലുള്ള മത്സരങ്ങളുമാണ് സംഘടിപ്പിക്കുക. ജില്ലാതല മത്സരങ്ങൾ ഇൗമാസം എല്ലാ ജില്ലകളിലുമുള്ള ഐ.എച്ച്.ആർ.ഡി കോളേജുകളിലും സംസ്ഥാന തലത്തിലുള്ള മത്സരങ്ങൾ അടുത്തമാസം കോഴിക്കോട് അപ്ളൈഡ് സയൻസ് കോളേജിലും നടക്കും.