y

തൃപ്പൂണിത്തുറ: യാഥാസ്ഥിതികതയുടെ വേലിക്കെട്ടുകൾ മറികടന്ന് സാമൂഹിക ജീവിതത്തിലെ നേർക്കാഴ്ചകളിലേക്ക് വായനക്കാരെ നയിച്ച സാഹിത്യകാരി കെ.ബി. ശ്രീദേവി (84) അന്തരിച്ചു. അഞ്ചുവർഷമായി ഇളയമകനോടൊപ്പം തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രക്കുളത്തിന് സമീപം കുട്ടൻതമ്പുരാൻ കോവിലകത്തായിരുന്നു താമസം.
നോവൽ, നാടകം, കഥ, ബാലസാഹിത്യം, പഠനം തുടങ്ങിയ മേഖലകളിൽ സമഗ്ര സംഭാവനകൾ നല്കിയ സാഹിത്യകാരിയാണ്. ജന്മികുടുംബമായിരുന്ന മലപ്പുറം വാണിയമ്പലം വെള്ളയ്ക്കാട്ട് മനയിൽ വേദപണ്ഡിതനും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന വി.എം.സി. നാരായണൻ ഭട്ടതിരിപ്പാടിന്റെയും ഗൗരി അന്തർജ്ജനത്തിന്റെയും മകളായി 1940 മേയ് ഒന്നിനാണ് ജനനം. വണ്ടൂർ വി.എം.സി ഹൈസ്‌കൂൾ, തൃപ്പൂണിത്തുറ ഗേൾസ് ഹൈസ്‌കൂൾ, വരവൂർ ഗവ. സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മൂന്നുവർഷം കർണാടകസംഗീതം അഭ്യസിച്ചു. 16-ാംവയസിൽ വിവാഹം. ഭർത്താവ് പരേതനായ കെ. ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്. മക്കൾ: ഉണ്ണി, ലത, നാരായണൻ. മരുമക്കൾ: തനൂജ,​ വാസുദേവൻ നമ്പൂതിരി,​ ദീപ്തി.
യജ്ഞം, ചാണക്കല്ല്, മുഖത്തോട് മുഖം, തിരിയുഴിച്ചിൽ, മൂന്നാംതലമുറ, ദാശരഥം, അഗ്നിഹോത്രം, ബോധിസത്വർ, ശ്രീകൃഷ്ണകഥ (നോവൽ), കുട്ടിത്തിരുമേനി, കോമൺവെൽത്ത്, കൃഷ്ണാനുരാഗം, ചിരഞ്ജീവി, പട്ടമുള (കഥാസമാഹാരം), ഭാഗവതപര്യടനം, ജ‍്ഞാനപ്പാനയ്‌ക്കൊരു വ്യാഖ്യാനം, കുറൂരമ്മ (നാടകം), ബാലസാഹിത്യ പരമ്പരയായ പറയിപെറ്റ പന്തിരുകുലം എന്നിവയാണ് പ്രധാന കൃതികൾ. കേന്ദ്രമാനവശേഷി വകുപ്പിന്റെ ഫെലോഷിപ്പോടെ 'പ്രാചീന ഗുരുകുലങ്ങൾ കേരളത്തിനു നല്കിയ സംഭാവന' എന്ന വിഷയത്തിൽ ഗവേഷണഗ്രന്ഥം തയ്യാറാക്കി. യജ്ഞത്തിന് 1974ലെ കുങ്കുമം അവാർഡ് ലഭിച്ചു. സമഗ്രസംഭാവനയ്ക്ക് കേരള സാഹിത്യഅക്കാഡമി അവാർഡ്, നാലപ്പാടൻ, ജന്മാഷ്ടമി പുരസ്‌കാരങ്ങൾ, വി.ടി, ശ്രീശൈലം, ദേവീപ്രസാദം അവാർഡുകൾ എന്നിവയും നേടിയിട്ടുണ്ട്. ഭാഗവത പര്യടനമാണ് അവസാന കൃതി.

മു​ഖ്യ​മ​ന്ത്രി​​ ​അ​നു​ശോ​ചി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ഹി​ത്യ​കാ​രി​ ​കെ.​ബി.​ ​ശ്രീ​ദേ​വി​യു​ടെ​ ​നി​ര്യാ​ണ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​അ​നു​ശോ​ചി​ച്ചു.​ ​സാ​മൂ​ഹ്യ​ ​തി​ന്മ​ക​ളെ​ ​ര​ച​ന​ക​ളി​ലൂ​ടെ​ ​ശ്രീ​ദേ​വി​ ​തു​റ​ന്നു​കാ​ട്ടി​യെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​അ​നു​ശോ​ച​ന​ ​സ​ന്ദേ​ശ​ത്തി​ൽ​ ​പ​റ​ഞ്ഞു.