
കൊച്ചി:ഇന്ത്യയിലാദ്യമായി സിനിമയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗായികയെ അവതരിപ്പിച്ച മലയാളി സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബിന്റെ പരീക്ഷണം സൂപ്പർ ഹിറ്റ്.
തെലുങ്കിലെ സൂപ്പർ നായകൻ നാനിയുടെ 'ഹായ് നാന'യുടെ ഇന്റർവെൽ സീക്വൻസിന്റെ പശ്ചാത്തല ഗാനത്തിലാണ് പരീക്ഷണം.'ഷാർഡ്സ് ഒഫ് ഡ്രീംസ്" എന്ന ഇംഗ്ലീഷ് ഗാനമാണ് ലിൻഡ എന്ന സാങ്കൽപ്പിക നാമമുള്ള 'എ. ഐ ഗായിക' പാടിയത്. ഹിഷാം അബ്ദുൽ വഹാബ് സ്വന്തം ശബ്ദത്തിൽ പാടിയ 'ഷാർഡ്സ് ഒഫ് ഡ്രീംസ്" റീറെക്കോഡിംഗിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പെൺ ശബ്ദത്തിലേക്ക് മാറ്റുകയായിരുന്നുവെന്ന് ഹിഷാം അബ്ദുൽ വഹാബ് കേരളകൗമുദിയോട് പറഞ്ഞു. ആലാപനത്തിന്റെ ക്രെഡിറ്റും ലിൻഡയ്‌ക്ക് നല്കി. സംഗീതത്തിൽ പുതുമയുടെ അനന്ത സാദ്ധ്യതകളാണ് എ.ഐ തുറക്കുന്നതെന്ന് ഹിഷാം പറഞ്ഞു. പാട്ടിൽ നിർമ്മിതബുദ്ധി കലർത്തുന്നതിൽ സർഗാത്മകതയുണ്ടോ എന്ന ചർച്ചകൾക്കിടെയാണ് ഇഷാമിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം സിനിമയുടെ ഒറിജിനൽ സൗണ്ട്ട്രാക്ക് ഇറക്കിയപ്പോഴാണ് വിവരം പരസ്യപ്പെടുത്തിയത്.
സംഗീതത്തിൽ എ.ഐയ്‌ക്ക് അനന്തസാദ്ധ്യത
'ഷാർഡ്സ് ഒഫ് ഡ്രീംസ്" ചിട്ടപ്പെടുത്തിയ ശേഷമാണ് പാശ്ചാത്യ നാട്ടുശൈലിയിലേക്ക് മാറ്റാൻ ആലോചിച്ചത്. പ്രണയനോവിന്റെ സന്ദർഭത്തിന് യോജിച്ച ശബ്ദമാകണം. ഒരു വെബ്സൈറ്റിലെ സാമ്പിളുകളിൽ നിന്നാണ് ലിൻഡയുടെ ശബ്ദം തിരഞ്ഞടുത്തത്. ശബ്ദം മാറ്റാനുള്ള എ.ഐ സോഫ്ട്‌വെയറും ലഭ്യമാണ്. സ്വരം മാറ്റിയ പാട്ടുകേൾപ്പിച്ചപ്പോൾ സിനിമയുടെ അണിയറക്കാർ അത്ഭുതപ്പെട്ടു.
ഹൃദയം എന്ന സിനിമയുടെ സംഗീതസംവിധാനത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ യുവ പ്രതിഭയാണ് ഹിഷാം അബ്ദുൽ വഹാബ്. മുമ്പ് ഉപകരണ സംഗീതത്തിനും ഹിഷാം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചിരുന്നു.
'സ്റ്റുഡിയോ കൺസോളിൽ സ്വരം മാറ്റം സാദ്ധ്യമാണെങ്കിലും കൃത്രിമത്വം അനുഭവപ്പെടും. എ.ഐ ഉപയോഗിച്ച് പാട്ട് തന്മയത്വത്തോടെ മറ്റൊരു ശബ്ദത്തിലാക്കാം. അറബ് ലോകത്ത് വൈറലായ മ്യൂസിക് ഫൈ എന്ന വൈബ്സൈറ്റ് പ്രചോദനമായി. 'ഹി നന്നാ"യുടെ ഒറിജിനൽ സൗണ്ട്ട്രാക്ക് യുട്യൂബിൽ ലഭ്യമാണ്. ഇതിൽ 30-ാം മിനിട്ടിലാണ് എ.ഐ ഗായികയുടെ പാട്ട്. ഏഴു മിനിട്ടാണ് ദൈർഘ്യം".
- ഹിഷാം അബ്ദുൽ വഹാബ്