കൊച്ചി: കുസാറ്റ് കാമ്പസിൽ തിക്കിലും തിരക്കിലും വിദ്യാർത്ഥികളടക്കം നാലു പേർ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യമാണെന്ന് പൊലീസ് ഹൈക്കോടതിയിൽ. സംഭവത്തിൽ പലതലത്തിലും വീഴ്ചകളുണ്ടായെന്നും അന്വേഷണം തുടരുകയാണെന്നും തൃക്കാക്കര അസി. കമ്മിഷണർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ദുരന്തത്തെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ സമർപ്പിച്ച ഹർജിയിലാണ് പൊലീസ് നിലപാട് അറിയിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഹർജി വീണ്ടും 18ന് പരിഗണിക്കും.
കഴിഞ്ഞ നവംബർ 25ന് സർവകലാശാലാ ഓഡിറ്റോറിയത്തിൽ ടെക് ഫെസ്റ്റിന്റെ ഭാഗമായി ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീത നിശ നടക്കാനിരിക്കേയാണ് ദുരന്തമുണ്ടായത്. ഇത്തരം സംഗീത പരിപാടികൾ കാമ്പസിൽ പാടില്ലെന്ന് കോടതിയും സർവകലാശാലയും നേരത്തേ നിഷ്കർഷിച്ചിട്ടുള്ളതാണെന്ന് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. എന്നിട്ടും മതിയായ സുരക്ഷയോ മുൻകരുതലോ ആസൂത്രണമോ കൂടാതെ പരിപാടി സംഘടിപ്പിച്ചത് അപകടത്തിലേക്ക്
നയിച്ചു. പരമാവധി 1000 പേരെ പ്രവേശിപ്പിക്കാൻ ശേഷിയുള്ള ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ കുസാറ്റിലെ 4000 വിദ്യാർത്ഥികളെത്തി. മറ്റ് കാമ്പസുകളിൽ നിന്നുള്ളവരും നാട്ടുകാരും വന്നു. ഗായികയും സംഘാടകരും സാമൂഹിക മാദ്ധ്യമങ്ങളിലടക്കം വ്യാപകപ്രചാരണം നടത്തിയത് കാണികളുടെ എണ്ണം കൂടാനിടയാക്കി. തിരക്കുണ്ടെന്ന കാര്യം പൊലീസ് സ്റ്റേഷനിൽ അറിയിച്ചില്ല. ഉച്ചയ്ക്ക് റിഹേഴ്സലിന് ശേഷം വൈകിട്ട് മൂന്നു ഘട്ടങ്ങളായി കാണികളെ പ്രവേശിപ്പിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ വൈകിട്ട് ആറരയ്ക്കാണ് റിഹേഴ്സൽ നടത്തിയത്. പരിപാടി തുടങ്ങിയെന്ന് ധരിച്ച് ആളുകൾ ഓടിക്കയറിയത് ഉന്തിനും തള്ളിനും ഇടയാക്കി.
ഓഡിറ്റോറിയത്തിന്റെ വശങ്ങളിലെ രണ്ടു വാതിലുകളും അടച്ചിരുന്നു. പ്രധാന കവാടം മാത്രമാണ് തുറന്നിരുന്നത്. 11 പടവുകൾ താഴേയ്ക്കിറങ്ങുന്ന ഇടുങ്ങിയ കവാടമായതിനാൽ ഇവിടെ തിരക്കും കുരുക്കും രൂക്ഷമായി. ഓഡിറ്റോറിയം നിർമാണത്തിലെ അപാകതയും ദുരന്തത്തിന് വഴിവച്ചിരിക്കാമെന്ന് പൊലീസ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. വേദിയിൽ അടിയന്തര വൈദ്യസഹായത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല. കുസാറ്റിൽ എൺപതോളം സുരക്ഷാ ജീവനക്കാരുണ്ടായിട്ടും തിരക്ക് നിയന്ത്രിക്കാൻ നടപടിയുണ്ടായില്ലെന്നും പൊലീസ് അറിയിച്ചു. ടെക്ഫെസ്റ്റ് 'ധിഷ്‌ണ"യുടെ ചുമതലയുണ്ടായിരുന്ന സ്കൂൾ ഒഫ് എൻജിനിയറിംഗ് പ്രിൻസിപ്പൽ ഡോ.ദീപക് കുമാർ സാഹു, സ്റ്റാഫ് കോഓർഡിനേറ്റർ ഡോ. ഗിരീഷ് തമ്പി, ഫാക്കൽറ്റി ട്രഷറർ ഡോ. എൻ.ബിജു എന്നിവരെ പ്രതിചേർത്താണ് പൊലീസ് അന്വേഷണം.