ആലുവ: ജനസേവ ശിശുഭവനിൽ നിന്നെന്ന വ്യാജേന പണം പിരിക്കുന്നതായും ഇതിനെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ചെയർമാൻ ജോസ് മാവേലി അറിയിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ജനസേവയിൽ നിന്നാണെന്ന് പറഞ്ഞ് ചിലർ വീടുകൾ കയറിയിറങ്ങിയും ജോസ് മാവേലിയുടെ പേരിൽ വ്യാജ ഫെയ്സ്‌ബുക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്തും അനധികൃതമായി പണം പിരിക്കുന്നതായാണ് വ്യക്തമായത്.

2018നുശേഷം സംഭാവന പിരിക്കുന്നതിന് ജനസേവ ആരെയും നിയോഗിച്ചിട്ടില്ലെന്ന് ജനസേവ പ്രസിഡന്റ് അഡ്വ. ചാർളിപോൾ പറഞ്ഞു. എന്നാൽ തെറ്റിദ്ധരിച്ച് പലരും വ്യാജന്മാർക്ക് പണവും മറ്റു സാധന സാമഗ്രികളും ഭക്ഷ്യവസ്തുക്കളും നൽകിയതായി തട്ടിപ്പിനിരയായവർ പറയുന്നു. ജനസേവയുടെ പേരിൽ വ്യാജരസീത് ബുക്കും തിരിച്ചറിയൽ രേഖകളും തയാറാക്കിയാണ് വീടുകളിലെത്തുന്നത്. ഇത്തരത്തിൽ സംഭാവന കൊടുക്കുന്നവർ പിന്നീട് ജനസേവ യുമായി ബന്ധപ്പെടുമ്പോഴാണ് ചതിയിൽപ്പെട്ടെന്ന് മനസിലാക്കുന്നത്. അതിനാൽ വ്യക്തമായ തെളിവുകളടക്കം പൊലീസിൽ പരാതി കൊടുക്കാനും സാധിക്കുന്നില്ല. ജോസ് മാവേലി എന്ന പേരിൽ വ്യാജ ഫെയ്‌സ് ബുക്ക് ഐഡിയിലൂടെയാണ് കഴിഞ്ഞ ദിവസം പണം ആവശ്യപ്പെട്ട് ചിലർക്ക് സന്ദേശം ലഭിച്ചത്.