കൊച്ചി: സംസ്ഥാനത്തെ സർവകലാശാലകളുടെയും കോളേജുകളുടെയും കീഴിൽ 5 ഏക്കറോളം അധികഭൂമിയുണ്ടെങ്കിൽ അവിടെ എ.ഐ.സി.ടി.ഇ അടക്കമുള്ളവയുടെ ലൈസൻസോടെ ക്യാമ്പസ് വ്യവസായപാർക്ക് നിർമ്മിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല സ്‌കൂൾ ഒഫ് എൻജിനിയറിംഗിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഐ.ഐ.സി റീജിയണൽ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ രണ്ടാമത്തെ സയൻസ് പാർക്ക് കുസാറ്റിന്റെ ആഭിമുഖ്യത്തിൽ സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇൻസ്റ്റിറ്റ്യൂഷൻ ഇന്നവേഷൻ സെല്ലും (ഐ.ഐ.സി) ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷനും (എ.ഐ.സി.ടി.ഇ) ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
കുസാറ്റ് സെമിനാർ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ കുസാറ്റ് വൈസ് ചാൻസലർ ഡോ.പി.ജി. ശങ്കരൻ അദ്ധ്യക്ഷതവഹിച്ചു. എം.ഒ.ഇ ഇന്നവേഷൻ സെൽ അസിസ്റ്റന്റ് ഇന്നവേഷൻ ഡയറക്ടർ ദീപൻ സാഹു, എ.ഐ.സി.ടി.ഇ ഡെപ്യൂട്ടി ഡയറക്ടർ നരേന്ദ്രസിംഗ്, സ്‌കൂൾ ഓഫ് എൻജിനിയറിംഗ് പ്രിൻസിപ്പൽ ഡോ. ശോഭ സൈറസ്, ഐ.ഐ.സി പ്രസിഡന്റ് ഡോ.കെ.കെ. ഷാജു തുടങ്ങിയവർ സംസാരിച്ചു.