ആലുവ: നഗരത്തിൽ ജനത്തിരക്കേറിയ പമ്പ് കവല മുതൽ റെയിൽവേ സ്‌റ്റേഷൻ റോഡിൽ കെ.എസ്.ആർ.ടി.സി വരെ സുരക്ഷിത നടപ്പാത നിർമ്മിക്കണമെന്ന് ആലുവ പരിസ്ഥിതി സംരക്ഷണ സംഘം പൊതുമരാമത്ത് വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.നഗരത്തിൽ ബാങ്ക് കവല, ബൈപ്പാസ്, സ്വകാര്യ ബസ് സ്റ്റാൻഡ്, പാലസ് റോഡ് എന്നിവിടങ്ങളിലും കൊച്ചി മെട്രോയും സബ് ജയിൽ റോഡിൽ പി.ഡബ്ളിയു.ഡിയും നടപ്പാതകൾ നവീകരിക്കുന്നുണ്ട്. എന്നാൽ തിരക്കേറിയ റെയിൽവേ - പമ്പ് കവല റോഡിൽ നവീകരണത്തിന് പദ്ധതികൾ തയ്യാറാക്കാത്തത് പ്രതിഷേധാർഹമാണ്.
പമ്പ് കവലയിൽ മാത തീയറ്ററിനു മുന്നിൽ നടപ്പാത റോഡ് നിരപ്പിനു താഴെയാണ്. തുടർന്ന് ജലഅതോറിട്ടിയുടെ സ്ഥലത്തെ ഗേറ്റ് വരെ നടപ്പാതയില്ല. പിന്നീട് കുറച്ച് ഭാഗത്ത് നടപ്പാതയുണ്ട്. തിരക്കുള്ള പമ്പ് കവലയിലേക്ക് പ്രവേശിക്കുന്നിടത്ത് കാൽനടക്കാർ അപകടത്തിൽപ്പെടാൻ സാദ്ധ്യതയുണ്ട്. റെയിൽവേ സ്‌റ്റേഷൻ റോഡിന്റെ വലതു വശത്ത് മാത്രമാണ് നടപ്പാതയുള്ളത്. ഇടത് ഭാഗത്ത് അപകടാവസ്ഥയിൽ ചിലയിടങ്ങളിൽ മാത്രവും.
റോഡിൽ നിന്ന് ഉയർന്ന നിലയിൽ ഇരുവശത്തും നടപ്പാതയും കൈവരിയും നിർമ്മിക്കണമെന്ന് പരിസ്ഥിതി സംരക്ഷണ സംഘം പ്രസിഡന്റ് ചിന്നൻ ടി. പൈനാടത്ത് ആവശ്യപ്പെട്ടു.