കൊച്ചി: യാഥാസ്ഥിതിക പ്രമാണങ്ങളെ മനുഷ്യപക്ഷത്തുനിന്ന് ചോദ്യംചെയ്ത എഴുത്തുകാരിയായിരുന്നു കെ.ബി. ശ്രീദേവി. ജാതീയ വേർതിരിവുകളെ എതിർക്കുകയും സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രതികരിക്കുകയും ചെയ്തു. നമ്പൂതിരി സമുദായത്തിലെ സ്മാർത്തവിചാരം,​ ഭ്രഷ്ട്, ചെറുപ്രായത്തിൽ വൈധവ്യം സംഭവിച്ചവർ ആചാരങ്ങളുടെ പേരിൽ അനുഭവിക്കുന്ന ദുരിതങ്ങൾ എന്നിവയെല്ലാം ശക്തമായ പ്രമേയങ്ങളായി.

'യജ്ഞം' നോവൽ അതേപേരിൽ ചെറുമകൾ കെ. രഞ്ജന സിനിമയാക്കിയത് ഏറെ ശ്രദ്ധേയമായി. ശ്രീദേവിയെ 'കുടിവച്ച' (വിവാഹശേഷം ഭർതൃഗൃഹത്തിൽ അംഗമാകുന്ന ചടങ്ങ്) കൂടല്ലൂർ മനയിലായിരുന്നു ചിത്രീകരണം. ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ചവരിലേറെയും ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നെന്ന പ്രത്യേകതയുമുണ്ട്. ആദ്യമെടുത്ത ഡോക്യുമെന്ററി അപൂർണമാണെന്ന് തോന്നിയപ്പോഴാണ് സിനിമയാക്കിയത്. വിവാഹശേഷം സാമൂഹ്യപ്രവർത്തനത്തിലും സജീവമായി. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് മഹിളാസമാജവും ബാലസമാജവും സ്ഥാപിച്ചു. എഴുത്തിന് ഭർത്താവ് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് എല്ലാ പിന്തുണയും നല്കി.
കഥയും നോവലും നാടകവുമെല്ലാം ഒരുപോലെ വഴങ്ങിയിരുന്ന ശ്രീദേവി 13-ാം വയസിൽത്തന്നെ സാഹിത്യരചന തുടങ്ങിയിരുന്നു. ഒരു പക്ഷിയുടെ മരണത്തെക്കുറിച്ചെഴുതിയ 'യുഗാന്തരങ്ങളിലൂടെ' എന്ന കഥ ശ്രദ്ധേയമായി. സംഗീതത്തിലും താത്പര്യമുണ്ടായിരുന്നു.
സ്വന്തം നിലപാടുകൾ സൗമ്യമായി അവതരിപ്പിക്കുന്നതായിരുന്നു ശൈലി. ആരെയും പ്രീതിപ്പെടുത്താനോ തൃപ്തിപ്പെടുത്താനോ അല്ല എഴുതുന്നതെന്നും തന്നോട് സ്‌നേഹം പ്രകടിപ്പിക്കുന്ന സാധാരണക്കാരോടാണ് പ്രതിബദ്ധതയെന്നും അവർ പറഞ്ഞിരുന്നു.