അങ്കമാലി: അങ്കമാലി സർവീസ് സഹകരണ ബാങ്കിൽ അംഗത്വമെടുത്ത് രണ്ട് വർഷം പൂർത്തീകരിച്ച കിഡ്നി രോഗികളായവർക്ക് എൽ.എഫ് ആശുപത്രിയുമായി സഹകരിച്ച് സൗജന്യ ഡയാലിസിസിനുള്ള രണ്ടാംഘട്ട കൂപ്പൺ വിതരണോദ്ഘാടനവും അംഗത്വ സമാശ്വാസ ഫണ്ട് വിതരണവും നടത്തി. താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.സുനിൽ ജെ. ഇളന്തട്ട് ഡയാലിസിസിനുള്ള സൗജന്യ കൂപ്പൺ വിതരണോദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ടി.ജി. ബേബി അദ്ധ്യക്ഷത വഹിച്ചു. എൽ.എഫ് ആശുപത്രി ഡയറക്ടർ ഫാ. ഡോ.ജോയ് അയിനാടൻ, കെ.ടി.ഡി.സി ഡയറക്ടർ ബെന്നി മൂഞ്ഞേലി, നഗരപ്രതിപക്ഷ നേതാവ് ടി.വൈ ഏല്യാസ്, മുൻ നഗരസഭാ വൈസ് ചെയർമാൻ സജി വർഗീസ്, ബാങ്ക് ഡയറക്ടർ എം.ജെ. ബേബി, സെക്രട്ടറി ഇൻ ചാർജ് സീന തോമസ് എന്നിവർ സംസാരിച്ചു.