surendran

കൊച്ചി: കുട്ടിക്കാലത്ത് പുരാണ - നാടോടി കഥാപാത്രങ്ങളെ വരച്ചാണ് രാജാരവിവർമ്മ പുരസ്കാര ജേതാവ് സുരേന്ദ്രൻ നായർ (68) ചിത്രകലാ ലോകത്തെത്തിയത്. എറണാകുളം ഓണക്കൂർ സ്വദേശിയായ സുരേന്ദ്രൻ നായർ ബറോഡയിൽ സ്ഥിരതാമസക്കാരനാണ്.

ഓണക്കൂറിലെ കർഷക കുടുംബത്തിൽ ജനിച്ച സുരേന്ദ്രൻ നായർ തിരുവനന്തപുരം ഫൈൻ ആർട്ട്സ് കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയാണ്. ഉപരിപഠനത്തിന് ബറോഡയിലെത്തിയ അദ്ദേഹം അവിടെത്തന്നെ സ്ഥിരതാമസമാക്കുകയായിരുന്നു.

1983-86ൽ ബറോഡയിലെ എം.എസ് സർവകലാശാലയിൽ നിന്ന് പ്രിന്റ് മേക്കർ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കരസ്ഥമാക്കി. 1986 മുതൽ ഇന്ത്യയ്ക്കകത്തും വിദേശ രാജ്യങ്ങളിലുമായി 17 ഏകാംഗ പ്രദർശനങ്ങളും 80ലധികം ഗ്രൂപ്പ് പ്രദർശനങ്ങളും സംഘടിപ്പിച്ചു. കൊച്ചി ബിനാലെയിലും എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗാലറിയിലും ഉൾപ്പെടെ കേരളത്തിലും സുരേന്ദ്രൻ നായരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഫുക്കുവോക്ക ആർട്ട് മ്യൂസിയം (ജപ്പാൻ), ക്യൂൻസ് ലാൻഡ് ആർട്ട് ഗാലറി, നാഷണൽ ആർട്ട് ഗാലറി (ഓസ്ട്രേലിയ) എന്നിവിടങ്ങളിലും ശ്രദ്ധേയമായ ചിത്രപ്രദർശനങ്ങൾ നടത്തി. ഓണക്കൂർ മുട്ടത്ത് പരേതരായ കുട്ടപ്പൻ നായർ-ദേവകി ദമ്പതികളുടെ അഞ്ച് മക്കളിൽ ഇളയ മകനാണ്. ബറോഡ സ്വദേശിയും ചിത്രകാരിയുമായ രേഖ റോഡ്‌വിദ്യയാണ് ഭാര്യ. മകൻ: മിഥുൻ.