
കൊച്ചി: കേരളത്തിൽ വനിതാ മുഖ്യമന്ത്രി എന്നുണ്ടാകുമെന്ന ചോദ്യത്തിൽ നിന്ന് വഴുതിമാറി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഇന്നലെ രാവിലെ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സംസ്‌കൃത സാഹിത്യവിഭാഗം സംഘടിപ്പിച്ച പ്രൊഫ. ധർമ്മരാജ് അടാട്ട് എൻഡോവ്‌മെന്റ് പ്രഭാഷണം വൃന്ദ നിർവഹിക്കുന്നതിനിടെയാണ് കെ.കെ. ശൈലജയെ മുഖ്യമന്ത്രിയാക്കാത്തത് എന്തെന്ന ചോദ്യം മാദ്ധ്യമപ്രവർത്തകയിൽ നിന്നുയർന്നത്. അത് പാർട്ടി തീരുമാനിക്കേണ്ട കാര്യമാണെന്നും ഈ വിഷയത്തിൽ പ്രതികരിക്കാനുള്ള വേദി ഇതല്ലെന്നും പറഞ്ഞ് വൃന്ദ ഒഴിഞ്ഞുമാറി. 'സംസ്‌കാരവും ലിംഗഭേദവും" എന്നതായിരുന്നു പ്രഭാഷണ വിഷയം.