
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കടന്നുപോകുന്ന ലാ കോളേജിന് മുന്നിൽ മോദിക്കെതിരെ പ്രതിഷേധ ബാനർ ഉയർത്തിയ രണ്ട് കെ.എസ്.യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലാ കോളേജ് യൂണിറ്റ് പ്രസിഡന്റ് കെ.കെ. മുഹമ്മദ് അജ്മൽ, ജനറൽ സെക്രട്ടറി ആരോൺ കുര്യൻ ജോൺ എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ നീക്കംചെയ്ത ബാനർ വൈകിട്ട് വീണ്ടും ഉയർത്തിയപ്പോഴായിരുന്നു നടപടി.
എ ബിഗ് നോ ടു മോദി, നോ കോംപ്രമൈസ്, സേവ് ലക്ഷദ്വീപ് എന്നെഴുതിയ ബാനർ രാവിലെ എസ്.പി.ജി ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് അഴിച്ചുമാറ്റിയിരുന്നു. വൈകിട്ട് വീണ്ടും ബാനർ കെട്ടി പ്രതിഷേധിച്ചു. ഇതും പൊലീസ് അഴിച്ചുമാറ്റി. അതിനിടെ കെ.എസ്.യുവിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി പ്രവർത്തകർ ലാ കോളേജിന് മുന്നിലെത്തി. ഏറെ പണിപ്പെട്ടാണ് പൊലീസ് സംഘർഷ സാദ്ധ്യത ഒഴിവാക്കിയത്.