ആലുവ: ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കളമശേരി നിയോജക മണ്ഡലത്തിലെ ആലങ്ങാട്, കടുങ്ങല്ലൂർ എന്നീ പഞ്ചായത്തുകളിലെ പഴയ കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനാൽ യു.സി കോളേജ് - എടയാർ റോഡിൽ ഇന്ന് മുതൽ 25 വരെ വാഹന ഗതാഗതം നിയന്ത്രിക്കും.
കൂടാതെ പടിഞ്ഞാറെ കടുങ്ങല്ലൂർ മുതൽ മുപ്പത്തടം ജംഗ്ഷൻ വരെ വാഹന ഗതാഗതം 21 വരെ പൂർണമായി നിരോധിച്ചു. തൃശൂർ, അങ്കമാലി, പറവൂർ ഭാഗത്തു നിന്ന് എടയാറിലേക്ക് വരുന്ന ഭാരവാഹനങ്ങൾ കിഴക്കെ കടുങ്ങല്ലൂർ, പടി. കടുങ്ങല്ലൂർ, മുപ്പത്തടം റൂട്ട് ഒഴിവാക്കി കളമശേരി കണ്ടെയ്‌നർ റോഡ് വഴി പോകണം. തിരികെ എടയാർ, പാതാളം ഭാഗത്തു നിന്ന് ആലുവയിലേക്ക് പോകുന്ന ഭാരവാഹനങ്ങളും ഇതേ റൂട്ട് ഉപയോഗിക്കണം. ചെറുവാഹങ്ങൾ കിഴക്കെ കടുങ്ങല്ലൂർ അമ്പലം, ഏലൂക്കര, കയന്തിക്കര, മുപ്പത്തടം ഇൻഡസ്ട്രിയൽ കവല വഴി പോകണം.
പടിഞ്ഞാറേ കടുങ്ങല്ലൂർ മുതൽ മുപ്പത്തടം ജംഗ്ഷൻ വരെയുള്ള ഭാഗത്തെ പഞ്ചായത്തു ഇടറോഡുകളിലൂടെ വരുന്ന വാഹനങ്ങൾ പൊതുമരാമത്ത് റോഡ് ഒഴിവാക്കി മറ്റു ഇട റോഡുകൾ ഗതാഗതത്തിന് ഉപയോഗിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.