 
മൂവാറ്റുപുഴ: സ്വകാര്യബാങ്കിൽ മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം ചോലയ്ക്കര ഏറന്തൊടി വീട്ടിൽ മുഹമ്മദ് അഷ്റഫിനെയാണ് (49) മൂവാറ്റുപുഴ പൊലീസ് അറസ്റ്റുചെയ്തത്. ഐ.ഡി.ബി.ഐ ബാങ്കിന്റെ മൂവാറ്റുപുഴ ശാഖയിൽ 96ഗ്രാം വരുന്ന 12 മുക്കുപണ്ട വളകൾ പണയം വച്ച് 385000 രൂപയാണ് തട്ടിയത്. പെരുമ്പാവൂർ ഭാഗത്ത് തടിക്കച്ചവടത്തിന്റെ ഏജന്റാണ് ഇയാൾ. പ്രതിയെ ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
മലപ്പുറം, മഞ്ചേരി തൊടുപുഴ ,വടക്കാഞ്ചേരി സ്റ്റേഷനുകളിലായി സമാനസ്വഭാവമുള്ള 13 കേസുകൾ മുഹമ്മദ് അഷറഫിനെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇൻസ്പെക്ടർ പി.എം. ബൈജു, എസ്.ഐ മാഹിൻ സലിം, എ.എസ്.ഐ പി.എസ്. ജോജി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.