മൂവാറ്റുപുഴ: പുളിക്കൽകാവ് ഭദ്രകാളിക്ഷേത്രത്തിന്റെ നവീകരണ കലശവും ദേവീദേവന്മാരുടെ പുനഃപ്രതിഷ്ഠ ചടങ്ങുകളും ഇന്ന് മുതൽ 22വരെ നടക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് പി.കൃഷ്ണകുമാർ. രക്ഷാധികാരി അഡ്വ.പി.ബി. മോഹൻകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രാവിലെ 6ന് ആചാര്യവരണം. തുടർന്ന് ദീപാരാധനയും ഗണപതിപൂജയും, 9ന് താഴികകുട സമർപ്പണവും നടക്കും. 18ന് രാവിലെ പ്രധാനപൂജകൾക്കുശേഷം ഹോമകലശപൂജ നടക്കും. 19ന് രാവിലെ 9മുതൽ തന്ത്രി തൊടുപുഴ പുതുക്കുളം ഇല്ലം കേശവൻ നമ്പൂതിരിയുടെ (കണ്ണൻ)കാർമ്മികത്വത്തിൽ സർപ്പപൂജയും സർപ്പപ്രതിഷ്ഠയും നടക്കും. 20, 21 തീയതികളിൽ വിശേഷാൽ പൂജകൾ, 22ന് രാവിലെ 10.15നും 12നും മദ്ധ്യേ തന്ത്രിമുഖ്യൻ മനയത്താറ്റ് അനിൽദിവാകരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഭദ്രകാളി, ദുർഗ, വിഷ്ണു, ശിവൻ, ശാസ്താവ്, ഭുവനേശ്വരി എന്നിവരെ പുതിയ ശ്രീകോവിലിൽ പ്രതിഷ്ഠിക്കും.