
കൊച്ചി: ട്രാഫിക് നിരീക്ഷണത്തിന് എ.ഐ ക്യാമറകൾ സ്ഥാപിച്ച ഇനത്തിൽ കെൽട്രോണിന് 11.79 കോടി രൂപ കൂടി കൈമാറാൻ ഹൈക്കോടതിയുടെ അനുമതി. എ.ഐ ക്യാമറ പദ്ധതിയിൽ വൻ അഴിമതിയുണ്ടെന്നും കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കളായ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും നല്കിയ ഹർജിയിൽ കോടതി നേരത്തെ ഫണ്ട് അനുവദിക്കുന്നത് വിലക്കിയിരുന്നു. തുടർന്ന് കോടതിയുടെ അനുമതിയോടെ ആദ്യഗഡുവായ 9.39 കോടി അനുവദിച്ചിരുന്നു. ക്യാമറകൾ പ്രവർത്തനക്ഷമമാണെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നാണ് രണ്ടാം ഗഡു അനുവദിച്ചത്. ചീഫ് ജസ്റ്റിസ് ആശിഷ് ജെ.ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി അടുത്തമാസം 29ന് വീണ്ടും പരിഗണിക്കും.
കെ.എസ്.ആർ.ടി.സി:
സംഘടനകളുമായി
ഇന്ന് ചർച്ച
തിരുവനന്തപുരം: ശമ്പള പ്രതിസന്ധി ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കെ.എസ്.ആർ.ടി.സിയിലെ അംഗീകൃത തൊഴിലാളി സംഘടനകളുമായി മന്ത്രി കെ.ബി. ഗണേശ് കുമാർ ഇന്നുച്ചയ്ക്ക് 12.30ന് കൂടിക്കാഴ്ച നടത്തും. സ്ഥാനമേറ്റശേഷം തൊഴിലാളി സംഘടനാ നേതൃത്വവുമായുള്ള മന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്. ചെലവ് ചുരുക്കാൻ ഡ്യൂട്ടി പരിഷ്കരണം ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ മന്ത്രി മുന്നോട്ടുവച്ചിട്ടുണ്ട്. ഇതെല്ലാം ചർച്ചയാകും.