കോലഞ്ചേരി: പണമില്ല, പണിയുമില്ല... കിഴക്കമ്പലം നെല്ലാട് റോഡിന് ശാപമോക്ഷവും ലഭിക്കുന്നില്ല. പതിനഞ്ച് വർഷമായി തുടരുന്ന ദുരിതം ഇരട്ടിയാക്കി റോഡിന്റെ പുനർനിർമ്മാണം തുടങ്ങാൻ വീണ്ടും വൈകിയേക്കും.

പൊതുമരാമത്ത് വിഭാഗം സൈറ്റ് വിട്ടു നൽകുന്നില്ലെന്ന പരാതിയുമായി ജൽ ജീവൻ മിഷൻ പൈപ്പ് സ്ഥാപിക്കുന്ന കരാറുകാരൻ കോടതിയിലെത്തിയതോടെയാണിത്. പൈപ്പിടുന്നതിന് ഹൈലെവൽ കമ്മിറ്റിയുടെ തീരുമാനം വരും വരെ റോഡ് നിർമ്മാണം തുടങ്ങരുതെന്നാണ് കോടതി നിർദ്ദേശം. തത്വത്തിൽ നിർമ്മാണം അനിശ്ചിതമായി നീളുമെന്ന് ഉറപ്പായി. അതിനിടെ റോഡ് പുനർ നിർമ്മാണത്തിന് കരാറെടുത്ത മൂവാറ്റുപുഴ സ്വദേശിയായ കരാറുകാരനും കളം വിടാൻ ഒരുങ്ങുന്നതായാണ് സൂചന. പെരുമ്പാവൂർ ബൈപ്പാസിന്റെ ആദ്യ റീച്ച് 80 കോടി രൂപയുടെ വർക്ക് ഏറ്റെടുത്തിരിക്കുന്നത് ഇതേ കരാറുകാരനാണ്. കിഴക്കമ്പലം റോഡ് പണി 15 നു മുമ്പ് തീർത്ത് പെരുമ്പാവൂർ ബൈപ്പാസ് നിർമ്മാണത്തിന് പോകാനായിരുന്നു തീരുമാനം. എന്നാൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി എഗ്രിമെന്റിലേക്ക് കടക്കേണ്ട നെല്ലാട് റോഡിന്റെ ഫണ്ട് സംബന്ധിച്ച് സർക്കാർ തലത്തിൽ തീരുമാനമാകാത്തതാണ് കരാറുകാരനെ കുടുക്കിയത്. ഒരു മാസം മുമ്പാണ് ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്. 10.45 കോടി രൂപയായിരുന്നു റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി കെ.ആർ.എഫ്.ബി അനുവദിച്ചത്. എന്നാൽ ആ തുകയ്ക്ക് ആരും ടെൻഡർ ക്വാട്ട് ചെയ്തിരുന്നില്ല. 15 ശതമാനം കൂടിയ തുകയ്ക്കായിരുന്നു മൂവാറ്റുപുഴയിലെ കരാറുകാരൻ ക്വാട്ട് ചെയ്തത് . എന്നാൽ കെ.ആർ.എഫ്.ബി നടത്തിയ നെഗോഷ്യേഷനിൽ 9.92 ശതമാനം കൂടിയ തുകയ്ക്ക് കരാർ ഉറപ്പിച്ചിരുന്നു. തുക അനുവദിക്കുന്നതിന് സർക്കാർ പരിഗണനയ്ക്ക് അയച്ച ഫയൽ ഇന്നു വരെ അനങ്ങിയിട്ടില്ല. ഇതോടെ ഏറ്റെടുത്ത മറ്റ് റോഡു പണികളുമായി കരാറുകാരൻ മുന്നോട്ട് പോവുകയാണ്. വേനൽ കടുത്തതോടെ നെല്ലാട് റോഡിന് ഇരു വശവുമുള്ളവരുടെ ദുരിതം ഇരട്ടിയായി. താറുമാറായ റോഡിൽ നിന്നും പൊടിയടിച്ച് ശ്വാസകോശ രോഗങ്ങളലാടക്കം വലയുകയാണ് നാട്ടുകാർ. പല ഘട്ടങ്ങളിലായി 14.33 കോടി രൂപ അറ്റകുറ്റപ്പണിക്ക് അനുവദിച്ച റോഡിന്റെ ഇന്നത്തെ ഗതി ശോചനീയമാണ്.

ഒന്നരപ്പതിറ്റാണ്ടായി റോഡിന്റെ ശോച്യാവസ്ഥ അനുഭവിക്കുകയാണ് നാട്ടുകാർ. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം തുടങ്ങും. റോഡുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ അടുത്ത ദിവസം വാദം കേൾക്കുന്നുണ്ട്. നിലവിലെ സാഹചര്യം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരും.

ബിജു മഠത്തിപറമ്പിൽ, കൺവീനർ

നെല്ലാട് റോഡ് സംരക്ഷണ സമിതി