
കൊച്ചി: നഗരത്തിന്റെ സായംസന്ധ്യ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കവർന്നെടുത്തു. വൈകിട്ട് റോഡ്ഷോ നടത്തിയ നരേന്ദ്ര മോദിയെ ഒരു നോക്കു കാണാൻ ജനങ്ങൾ ഒഴുകിയെത്തി. പുഷ്പങ്ങളാൽ അലങ്കരിച്ച കാവി നിറമുള്ള വാഹനത്തിൽ നിന്ന് അനുയായികളെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രിയെ "മോദി... മോദി.." മുദ്രാവാക്യങ്ങളാൽ അവർ സ്വീകരിച്ചു. കരഘോഷവും പുഷ്പവൃഷ്ടിയും അകമ്പടിയായി. മണിക്കൂറുകൾക്ക് മുമ്പേ കെ.പി.സി.സി ജംഗ്ഷൻ മുതൽ എറണാകുളം ഗസ്റ്റ് ഹൗസ് വരെ ബാരിക്കേഡിനുള്ളിൽ ജനം തിങ്ങി നിറഞ്ഞിരുന്നു.
നിശ്ചയിച്ചതിലും വൈകി വൈകിട്ട് 6.50ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മേയർ എം. അനിൽകുമാർ, കേന്ദ്രമന്ത്രി വി. മുരളീധരൻ, പ്രകാശ് ജാവദേക്കർ എം.പി, ചീഫ് സെക്രട്ടറി ഡോ.വി. വേണു, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന, ബി.ജെ.പി പ്രതിനിധികൾ തുടങ്ങിയവർ പ്രധാനമന്ത്രിയെ സ്വീകരിച്ചു. തുടർന്ന് നാവികസേനയുടെ ഹെലികോപ്ടറിൽ കൊച്ചിയിലേക്ക് തിരിച്ച അദ്ദേഹം 7.14ന് നാവികസേനാ വിമാനത്താവളത്തിലിറങ്ങി.
സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെ 7.40ന് പ്രധാനമന്ത്രി റോഡ് ഷോയ്ക്കായി കെ.പി.സി.സി ജംഗ്ഷനിൽ എത്തിയപ്പോൾ പ്രവർത്തകരുടെ ആവേശം അല തല്ലി. 7.45ന് റോഡ് ഷോയ്ക്ക് തുടക്കമായി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും മോദിക്കൊപ്പം വാഹനത്തിൽ കയറി. മോദിജി വിളികൾക്കും ആരവത്തിനും പൂമഴയ്ക്കും നടുവിലൂടെ പതിയെ ഹോസ്പിറ്റൽ റോഡ് വഴി മുന്നോട്ട്. അഞ്ച് മണിക്കൂറിലധികം കാത്തു നിന്ന പ്രവർത്തകർ ആർപ്പുവിളിച്ചു. മുദ്രാവാക്യങ്ങളും മുഴക്കി. മദ്ധ്യകേരളത്തിലെ നാല് ജില്ലകളിൽ നിന്നടക്കം അര ലക്ഷത്തോളം പേരാണ് അണിനിരന്നത്. 1.3 കി.മി ദൂരം അഭിവാദ്യങ്ങൾ ഏറ്റുവാങ്ങിയ റോഡ് ഷോ 8.10ന് എറണാകുളം ഗസ്റ്റ് ഹൗസിൽ സമാപിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയുടെ ശക്തിപ്രകടനത്തിനു കൂടി റോഡ് ഷോ വേദിയായി. കൊച്ചിയിൽ മോദിയുടെ രണ്ടാമത്തെ റോഡ് ഷോയാണിത്.
പ്രധാനമി ഇന്ന് ഗുരുവായൂരിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാവിലെ 6ന് കൊച്ചി നാവിക വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്ടറിൽ ഗുരുവായൂരിലേക്ക് പോകും. ക്ഷേത്രദർശനവും സുരേഷ് ഗോപിയുടെ മകളുടെ വിവാഹവും തൃപ്രയാർ ക്ഷേത്രദർശനവും കഴിഞ്ഞ് കൊച്ചി നാവിക വിമാനത്താവളത്തിൽ തിരിച്ചെത്തും.ഉച്ചയ്ക്കു 12ന് വെല്ലിംഗ്ടൺ ഐലൻഡിൽ കൊച്ചി കപ്പൽശാലയുടെ കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രവും രണ്ടാമത്തെ ഡ്രൈഡോക്കും ഉദ്ഘാടനം ചെയ്യും. അവിടെവച്ച് പുതുവൈപ്പിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എൽ.പി.ജി ഇറക്കുമതി ടെർമിനൽ ഉദ്ഘാടനവും നിർവഹിക്കും. തുടർന്ന് കാറിൽ മറൈൻഡ്രൈവിലെത്തി ബൂത്തുതല തിരഞ്ഞെടുപ്പു ചുമതലയുള്ള ബി.ജെ.പി ശക്തികേന്ദ്ര പ്രവർത്തകരുടെ സമ്മേളനത്തിൽ പങ്കെടുക്കും. 
നാവിക വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്ടറിൽ നെടുമ്പാശേരിയിലെത്തി പ്രത്യേക വിമാനത്തിൽ ഡൽഹിക്ക് മടങ്ങും.