 
* പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു
തോപ്പുംപടി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൊച്ചി സന്ദർശനവുമായി ബന്ധപ്പെട്ട് തോപ്പുംപടി പൊലീസ് ആറ് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. കരിങ്കൊടി പ്രതിഷേധം ഭയന്നാണ് നടപടി. കുമ്പളങ്ങി സ്വദേശി ഷിബിൻ ജോർജ് (34), കണ്ടക്കടവ് കുട്ടപ്പശേരി വീട്ടിൽ ജിനു കെ വിൻസെന്റ് (28), കണ്ണമാലി കൈതവേലിവീട്ടിൽ കെ.എ. നിക്സൻ (33), ഇടക്കൊച്ചി സ്വദേശി അഷ്കർ ബാബു (37), ഫോർട്ടുകൊച്ചി അമരാവതി സ്വദേശി ആർ. ബഷീർ (36), പള്ളുരുത്തി സ്വദേശി എം.എച്ച്. ഹരേഷ് എന്നിവരെയാണ് ഇന്നലെ വൈകിട്ട് തോപ്പുംപടി ബി.ഒ.ടി പാലത്തിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തത്.
പ്രവർത്തകരെ വിട്ടയക്കാൻ പൊലീസ് തയ്യാറാകാതിരുന്നതോടെ കോൺഗ്രസ് നേതാക്കൾ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് ഉപരോധിച്ചു. തമ്പി സുബ്രഹ്മണ്യം, പി.പി. ജേക്കബ്, കെ.ആർ. പ്രേംകുമാർ, ഷമീർ വളവത്ത്, കവിത ഹരികുമാർ, ഷീജ സുധീർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവർത്തകരെ വിട്ടയക്കാമെന്ന ഉറപ്പിൽ ഉപരോധം അവസാനിപ്പിച്ചു.