കൊച്ചി: പെരുമ്പാവൂർ കോടനാട് ഫോറസ്റ്റ് റേഞ്ചിലെ മേയ്ക്കപ്പാല സ്റ്റേഷൻ അതിർത്തിയിലെ വനത്തിൽ പരിക്കേറ്റ നിലയിൽ പിടിയാനയെ കണ്ടെത്തി. നാല്പത് വയസോളം പ്രായമുണ്ട്. രണ്ട് ദിവസമായി ഇവിടെ നിൽക്കുന്ന ആനയുടെ ഒരു മുൻകാലിൽ പരിക്കുണ്ട്. ഇരുമ്പുകഷണം കാലിൽ തറച്ചിരിക്കുന്നതായാണ് സംശയം. കൂട്ടത്തിലുള്ള ഏഴിലേറെ ആനകൾ സമീപത്തുതന്നെ നിലയുറപ്പിച്ചിട്ടുണ്ട്.
ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ആന. മയക്കുവെടി വച്ച് ചികിത്സനൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു. അനുകൂല സാഹചര്യമുണ്ടായാൽ ഇന്ന് രാവിലെ മയക്കുവെടി വയ്ക്കാനുളള ഒരുക്കങ്ങളിലാണ് വനംവകുപ്പ്. ഇതിനായി പാലക്കാട്ടെ വനംവകുപ്പ് റാപ്പിഡ് റെസ്പോൺസ് ടീമും എത്തിയിട്ടുണ്ട്. മലയാറ്റൂർ ഡി.എഫ്.ഒയുടെ കീഴിലാണ് ഈ പ്രദേശം.